'പ്രശ്നം  കൂടുതൽ  വഷളാക്കരുത്'; ഗാസയെ ഏറ്റെടുക്കാമെന്ന ട്രംപിന്റെ പ്രസ്‌താവനയ്‌ക്കെതിരെ യുഎൻ

Thursday 06 February 2025 7:12 AM IST

വാഷിംഗ്ടൺ: ഗാസ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ടുട്ടറസ് രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളും അടിസ്ഥാന തത്വങ്ങളും എല്ലാ രാജ്യങ്ങളും പാലിക്കണമെന്നാണ് യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞത്. തന്റെ എക്സ് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഗാസയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തിരയുമ്പോൾ പ്രശ്നം കൂടുതൽ വഷളാക്കരുത്. അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉറച്ചുനിൽകേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള വംശീയ ഉന്മൂലനം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്',- അന്റോണിയോ ടുട്ടറസ് കുറിച്ചു.

യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസയെ ഏറ്റെടുക്കുമെന്നും പാലസ്തീനികളെ അവിടെനിന്ന് മാറ്റി പുനഃരധിവസിപ്പിക്കണമെന്നുമുള്ള ഡൊണാൾഡ് ട്രംപിന്റെ പരാമർശം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പരാമർശം. 'ഗാസ മുനമ്പ് യു.എസ് ഏ​റ്റെടുക്കും. അവിടെ പൊട്ടിത്തെറിക്കാതെ കിടക്കുന്ന ബോംബുകൾ നിർവീര്യമാക്കും. ആയുധങ്ങൾ ഇല്ലാതാക്കും. കെട്ടിടാവശിഷ്ടങ്ങൾ നീക്കി മനോഹരമാക്കും. മിഡിൽ ഈസ്റ്റിലെ കടൽത്തീര സുഖവാസ മേഖലയാക്കി ഗാസയെ മാറ്റും" - നെതന്യാഹുവുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞത്.