അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിൽ എത്തിച്ചു

Thursday 06 February 2025 7:18 AM IST

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ബേ നേവൽ ബേസിലേക്ക് മാറ്റാനുള്ള ട്രംപിന്റെ ഉത്തരവ് നടപ്പാക്കി തുടങ്ങി. ക്രിമിനൽ പശ്ചാത്തലമുള്ള 10 അനധികൃത കുടിയേറ്റക്കാരെ യു.എസ് സൈനിക വിമാനത്തിൽ ഗ്വാണ്ടനാമോ ബേയിൽ എത്തിച്ചു.

വെനസ്വേലൻ ക്രിമിനൽ സംഘത്തിൽപ്പെട്ട ഇവർ അതീവ അപകടകാരികളാണെന്ന് യു.എസ് പറയുന്നു. ഇവരെ താത്കാലികമായാണ് ഇവിടെ പാർപ്പിക്കുക. 30,000 പേരെ ഉൾക്കൊള്ളുന്ന തരത്തിൽ അനധികൃ കുടിയേറ്റക്കാർക്കായുള്ള ഇവിടുത്തെ പ്രത്യേക തടങ്കൽ സംവിധാനം വിപുലമാക്കാൻ ട്രംപ് ഉത്തരവിട്ടിരുന്നു.

ക്യൂബയിലെ ഗ്വാണ്ടനാമോ ഉൾക്കടലിന്റെ കരയിലാണ് യു.എസിന്റെ ഗ്വാണ്ടനാമോ നേവൽ ബേസ്. വിദേശ ഭീകരരെ അടക്കം പാർപ്പിക്കുന്ന അതീവ സുരക്ഷാ ജയിലും കുടിയേറ്റക്കാർക്കുള്ള തടങ്കൽ കേന്ദ്രവും ഇവിടെ വെവ്വേറെ സ്ഥിതി ചെയ്യുന്നു.