ആയിരത്തോളം പരാതികൾ, നടത്തിയത് 450 കോടിയുടെ വമ്പൻ ഇടപാടുകൾ; അനന്തു കൃഷ്ണന് 19 ബാങ്ക് അക്കൗണ്ടുകൾ

Thursday 06 February 2025 11:56 AM IST

കോട്ടയം: പാതിവിലയ്ക്ക് സ്കൂട്ടറും തയ്യൽ മെഷീനും ലാപ്ടോപ്പും വാഗ്ദാനം ചെയ്ത് ശതകോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ ബാങ്ക് വിവരങ്ങൾ പുറത്ത്. പ്രതിയുടെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിവരം. രണ്ട് കോടി രൂപ ഭൂമി വാങ്ങാനായി അനന്തു ഉപയോഗിച്ചിട്ടുണ്ട്. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിന്റെ പേരിലും ഭൂമി വാങ്ങിയിട്ടുണ്ട്. തട്ടിപ്പിലൂടെ പ്രതി നേടിയെടുത്ത വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്.

സംഭവം പുറത്തുവന്നതോടെ അനന്തു വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്. ഇടുക്കിയിൽ മാത്രം ആയിരത്തോളം പരാതികൾ ലഭിച്ചു. 21 കേസുകൾ രജിസ്റ്റർ ചെയ്തു. 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികൾ വയനാട് മാനന്തവാടി പൊലീസിന് ലഭിച്ചിട്ടുണ്ട്. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതി ചേർത്തുള്ളതാണ് പരാതികൾ. അന്തിക്കാട് അടക്കം തൃശൂർ ജില്ലയിലും വ്യാപക തട്ടിപ്പാണ് നടന്നത്. ചോദ്യം ചെയ്യലിനോട് അനന്തു സഹകരിക്കുന്നില്ല.

രാഷ്ട്രീയബന്ധങ്ങൾ മറയാക്കിയാണ് അനന്തു തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പം പ്രദർശിപ്പിച്ചുമാണ് സ്ത്രീകളെയടക്കം ചതിക്കുഴിയിൽ വീഴ്‌ത്തിയത്. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്‌ണൻ, കോൺഗ്രസ് നേതാവ് ലാലി വിൻസന്റ് എന്നിവരുമായും ഇയാൾക്ക് ബന്ധമുണ്ട്. ജനോപകാരപ്രദമായ പരിപാടിയാണെന്ന് വിശ്വസിപ്പിച്ചാണ് രാഷ്ട്രീയ നേതാക്കളെ പരിപാടികളുടെ ഉദ്ഘാടകരാക്കിയത്. രാഷ്ട്രീയനേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.