വിവാഹത്തിന് ആഡംബരമില്ലെങ്കിലും അദാനിയുടെ മരുമകൾ നിസാരക്കാരിയല്ല, ആരാണീ ദിവ ഷാ
ന്യൂഡൽഹി: നാളെയാണ് പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയുടെ വിവാഹം. സാധാരണക്കാരുടെ വിവാഹം പോലെയാകും തന്റെ മകന്റെ വിവാഹമെന്ന് ഗൗതം അദാനി നേരത്തെ പ്രതികരിച്ചിരുന്നു. വിവാഹ വാർത്ത പുറത്തുവന്നത് മുതൽ ലോകം തിരഞ്ഞത് അദാനിയുടെ മരുമകൾ ആകാൻ പോകുന്ന ദിവാ ജയ്‌മിൻ ഷായെ കുറിച്ചാണ്. ഗുജറാത്തിലെ സൂറത്തിൽ പ്രമുഖ വജ്ര വ്യാപാരിയായ ജെയ്മിന്‍ ഷായുടെ മകലാണ് ദിവാ ഷാ. 1976ൽ സ്ഥാപിതമായ വജ്ര കമ്പനി സി. ദിനേഷ് കോ. പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയാണ് ദിവയുടെ പിതാവ് ജയ്മിൻ ഷാ. സൂറത്തും മുംബയും ആസ്ഥാനമാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നത്. രാജ്യത്തെ വജ്രവ്യവസായത്തിൽ പ്രധാന പങ്കു വഹിക്കുന്ന കമ്പനി ആഗോള വജ്രമാർക്കറ്റിലും മികച്ച സ്ഥാനം നേടിയിട്ടുണ്ട്.
2010ലാണ് ജീത് അദാനി, അദാനി ഗ്രൂപ്പിന്റെ ഭാഗമാകുന്നത്. അദാനി വിമാനത്താവളങ്ങളുടെയും അദാനി ഡിജിറ്റൽ ലാബുകളുടെയും ചുമതല വഹിക്കുന്നത് ജീത് അദാനിയാണ്. പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ജീത് അദാനി കുടുംബ സുഹൃത്ത് വഴിയാണ് ദിവയെ പരിചയപ്പെടുന്നത് . മുംബയിൽ വളർന്ന ദിവ ന്യൂയോർക്കിലെ പാഴ്‌സൺസ് സ്കൂൾ ഓഫ് ഡിസൈനിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 2023 മാർച്ചിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഫെബ്രുവരി ഏഴിന് അഹമ്മദാബാദിൽ വച്ചാണ് ജീത് - ദിവ വിവാഹം.