100 കോടി കുതിപ്പിനിടെ ഡാകു മഹാരാജ് ഒ.ടി.ടിയിൽ

Saturday 08 February 2025 3:56 AM IST

നന്ദമുരി ബാലകൃഷ്ണ നായകനായ ഡാകു മഹാരാജ് നൂറുകോടി ക്ളബിൽ ഇടംപിടിച്ചു മുന്നേറുമ്പോൾ ഫെബ്രുവരി 9ന് നെറ്റ് ഫ്ളിക്സിൽ സ്ട്രീം ചെയ്തുതുടങ്ങും. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോൾ ആണ് പ്രതിനായകൻ. പ്രഗ്യ ജെയ്സ്വാൾ, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മെഹ്ത, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകർ, വിടിവി ഗണേഷ്, മകരന്ദ് ദേശ് പാണ്ഡെ, ഹർഷവർധൻ, ബോബി കൊല്ലി എന്നിവരാണ് മറ്റ് താരങ്ങൾ. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും റുബൻ സംഗീത സംവിധാനവും നി‌ർവഹിക്കുന്നു. ചിത്രത്തിൽ നന്ദമുരി ബാലകൃഷ്ണയും ഉർവശി റൗട്ടേലും ഒന്നിച്ചെത്തിയ ഗാനരംഗം വിവാദമായിരുന്നു. വൾഗറായ സെറ്റപ്പുകളാണ് ഗാനരംഗത്തിൽ എന്നതായിരുന്നു വിമർശനം. ബാലകൃഷ്ണയുടെ സമീപകാല റിലീസായ അഖണ്ഡ, വീര സിംഹ റെഡ്ഡി, ഭഗവത് കേസരി എന്നീ ചിത്രങ്ങളും നൂറുകോടി ക്ളബിൽ എത്തിയിരുന്നു.