പിരിമുറുക്കത്തിൽ ഡൽഹി; ജനവിധി ഇന്ന്

Saturday 08 February 2025 1:10 AM IST

 സർക്കാർ രൂപീകരണ നീക്കങ്ങൾ തുടങ്ങി ബി.ജെ.പി

ന്യൂഡൽഹി: 70 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ മാന്ത്രിക സംഖ്യ 36. ഭൂരിഭാഗം എക്‌സിറ്റ് പോളുകളുടെയും പ്രവചനം ബി.ജെ.പി അധികാരത്തിലെത്തുമെന്ന്. ആംആദ്മി-ബി.ജെ.പി-കോൺഗ്രസ് ത്രികോണ പോരാട്ടം കണ്ട ഡൽഹി പിരിമുറക്കത്തിലാണ്. നാലാം തവണയും അധികാരത്തിലെത്തുമോ കേജ്‌രിവാൾ,​27 വർഷത്തിന് ശേഷം തിരിച്ചുവരുമോ ബി.ജെ.പി,​ഇത്തവണ സംപൂജ്യരാകാതെ നില മെച്ചപ്പെടുത്തുമോ കോൺഗ്രസ് എന്നിവയ്‌ക്കുള്ള ഉത്തരം ഉച്ചയോടെ വ്യക്തമാകും.

ഇന്ന് രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങുന്നതിന് പിന്നാലെ https://results.eci.gov.in/ എന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ ട്രെൻഡുകൾ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യും. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മിൽക്കിപൂരിലെയും,​തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെയും ഫലവും ഇന്നറിയാം. ഡൽഹിയിൽ എക‌്സിറ്റ് പോളുകൾ കൂടി നൽകുന്ന ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ ബി.ജെ.പി ആരംഭിച്ചെന്നാണ് സൂചന.

സർവേ ഫലങ്ങളെ തള്ളുന്ന ആംആദ്മി പാർട്ടി,തികഞ്ഞ ആത്മവിശ്വാസമാണ് പുറമെ പ്രകടിപ്പിക്കുന്നത്. സ്ഥാനാർത്ഥികൾ ചാടാതിരിക്കാൻ കനത്ത ജാഗ്രതയിലുമാണ്. സ്ഥാനാർത്ഥികളുടെ യോഗം പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ ഇന്നലെ വിളിച്ചുകൂട്ടിയിരുന്നു. അതേസമയം,ഇന്നലെ വൈകിട്ടോടെ വോട്ടിംഗ് നിലയുടെ അവസാന കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു- 60.54%. കണക്ക് വൈകുന്നതിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു.

ത്രിതല സുരക്ഷ

19 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും രണ്ട് കമ്പനി കേന്ദ്രസേനയും, ഡൽഹി പൊലീസിന്റെ സംഘവും.വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വിലക്കി. സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുണ്ട്.

കേജ്‌രിവാളിന് നോട്ടീസ്

16 ആംആദ്മി സ്ഥാനാർത്ഥികളെ അടർത്തിയെടുക്കാൻ ബി.ജെ.പി 15 കോടിയും മന്ത്രി സ്ഥാനവും അവർക്ക് വാഗ്ദാനം ചെയ്‌തുവെന്ന കേജ്‌രിവാളിന്റെ ആരോപണത്തിൽ ഡൽഹി പൊലീസിലെ ആന്റി കറപ്ഷൻ ബ്രാ‌ഞ്ച് (എ.സി.ബി) അന്വേഷണം ആരംഭിച്ചു. ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ഇന്നലെ എ.സി.ബി ഉദ്യോഗസ്ഥർ കേജ്‌രിവാളിന്റെ വീട്ടിലെത്തി നോട്ടീസ് നൽകി.