പ്രകൃതിവിരുദ്ധ പീഡനത്തിന് 30 വർഷം കഠിന തടവ്

Saturday 08 February 2025 1:12 AM IST

നെയ്യാറ്റിൻകര: പതിനൊന്ന് വയസുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ പ്രതിക്ക് 30 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കുളത്തൂർ പൊഴിയൂർ ദേശത്ത് തെക്കേ കൊല്ലംകോട് പൊയ്പ്പള്ളിവിളാകം വീട്ടിൽ അംബിദാസിനെ (60)യാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ശിക്ഷിച്ചത്. ജഡ്ജി കെ.പ്രസന്നയുടെയതാണ് വിധി. 2021ലാണ് കേസിനാസ്പദമായ സംഭവം. തേങ്ങ പെറുക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പൊഴിയൂർ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. എസ്.ഐ മാരായ ശ്രീകുമാരൻ നായർ, സാംജോസ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട സന്തോഷ് കുമാർ,വിനോദ് എന്നിവർ ഹാജരായി.