അലാ‌സ്‌കയിൽ ചെറുവിമാനം കാണാതായി

Saturday 08 February 2025 7:03 AM IST

വാഷിംഗ്ടൺ: യു.എസിലെ അലാസ്‌കയിൽ 10 പേരുമായി ചെറുവിമാനം യാത്രാ മദ്ധ്യേ അപ്രത്യക്ഷമായി. ഇന്ത്യൻ സമയം,ഇന്നലെ രാവിലെ 5.46നായിരുന്നു സംഭവം. യൂനാലക്ലീറ്റിൽ നിന്ന് നോമിലേക്ക് പോകും വഴി തീരത്ത് നിന്ന് 12 മൈൽ അകലെ കടലിന് മുകളിൽ വച്ചാണ് സെസ്‌ന കാരവാൻ മോഡൽ വിമാനവുമായുള്ള ബന്ധം നഷ്ടമായത്.

ഇരുനഗരങ്ങളും തമ്മിൽ 146 മൈൽ അകലമുണ്ട്. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള നോർട്ടൺ സൗണ്ട് ഉൾക്കടൽ ഈ നഗരങ്ങൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്നു. വിമാനത്തിനായി യു.എസ് കോസ്റ്റ് ഗാർഡും എയർ ഫോഴ്സും കടലിലും കരയിലും തെരച്ചിൽ ശക്തമാക്കി. മോശം കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്.

ഞെട്ടൽ മാറും മുന്നേ...

 സംഭവം രണ്ട് വിമാനാപകടങ്ങളുടെ ഞെട്ടലിൽ നിന്ന് യു.എസ് മുക്തമാകും മുന്നേ

 ജനുവരി 29ന് വാഷിംഗ്ടണിൽ വിമാനത്തിലേക്ക് യു.എസ് ആർമിയുടെ ഹെലികോപ്റ്റർ ഇടിച്ചുകയറി പൊട്ടിത്തെറിച്ച് 67 പേർ കൊല്ലപ്പെട്ടു

 ജനുവരി 31ന് പെൻസിൽവേനിയയിലെ ഫിലാഡെൽഫിയയിൽ മെഡിക്കൽ വിമാനം തകർന്നുവീണ് 7 പേർ മരിച്ചു

 ഈ മാസം 2ന് ഹൂസ്​റ്റണിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചിറകിൽ തീ പടർന്നെങ്കിലും ഉടൻ യാത്രക്കാരെ പുറത്തിറക്കിയതിനാൽ ദുരന്തം ഒഴിവായി