പൊൻമുടി ഇനി റോപ്‌വേ ലുക്കിൽ, നാളുകളായുളള കാത്തിരിപ്പിന് വിരാമം; പുതിയ പദ്ധതി ഒരുങ്ങുന്നു

Saturday 08 February 2025 8:02 AM IST

തിരുവനന്തപുരം: പൊന്മുടിയിൽ റോപ്‌വേ വികസിപ്പിക്കുമെന്ന ബഡ്ജറ്റിലെ പ്രഖ്യാപനം വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകും. പൊന്മുടിയിലും വയനാട്ടിലും റോപ്‌വേയ്ക്കായി കേന്ദ്രം നേരത്തേ പഠനം നടത്തിയിരുന്നതാണ്. പർവതമാലാ പരിയോജന പദ്ധതിയിലാണ് റോപ്‌വേയ്ക്ക് കേന്ദ്രം ധനസഹായം നൽകുക.

പൊൻമുടി – ബ്രൈമൂർ റോപ് വേയായിരിക്കും വരിക. പൊന്മുടിയിൽ റോപ് വേ സ്ഥാപിക്കുമെന്നത് 2016ൽ എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. റോപ് വേ സ്ഥാപിക്കാൻ വനംവകുപ്പിന്റേതടക്കം അനുമതി നേടേണ്ടിവരും. പൊൻമുടിയിൽ വിനോദസഞ്ചാരികൾക്കായി കൂടുതൽ പരിസ്ഥിതി സൗഹൃദ സൗകര്യങ്ങൾ ഒരുക്കുമെന്നാണ് സർക്കാർ വാഗ്ദാനം.

വർക്കല പൊൻമുടി ടൂറിസ്റ്റ് കോറിഡോർ, പൊൻമുടി ബ്രൈമൂർ കാട്ടുപാത, ഹട്ടുകളുടെ നിർമ്മാണം എന്നിവയും പരിഗണനയിലാണ്. 40 മുതൽ 50 മീറ്റർ വരെ ഉയരമുള്ള തൂണുകളിലാവും റോപ് വേ വരിക. ഇന്ത്യയിൽ നിർമ്മിച്ച കേബിൾ കാറുകളാവും യാത്രയ്ക്ക് ഉപയോഗിക്കുക. 15 മുതൽ 30 കി.മീ. വേഗതയുണ്ടാവും. ശബരിമലയിലും റോപ് വേ പദ്ധതി വരുന്നുണ്ട്.

ലക്ഷ്യം - മലയോര മേഖലകളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക

സാദ്ധ്യതാപഠനത്തിന് നീക്കിവച്ചത്- 50ലക്ഷം രൂപ