27 വർഷത്തിനുശേഷം രാജ്യതലസ്ഥാനം ഭരിക്കാൻ ബിജെപി; ലീഡ് ഉയർത്താനാകാതെ അരവിന്ദ് കേജ്‌രിവാൾ

Saturday 08 February 2025 11:48 AM IST

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 45 സീറ്റുകളുടെ ലീഡുമായി ബിജെപി കുതിക്കവേ തിരിച്ചടി നേരിട്ട് മുൻമുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ. ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കേജ്‌രിവാൾ 900 വോട്ടുകൾക്ക് പിന്നിലാണ്.

ആറാം റൗണ്ട് വോട്ടെണ്ണൽ അവസാനിച്ചപ്പോൾ 225 വോട്ടുകളുമായി ലീഡ് ചെയ്യുകയാണ് ബിജെപി സ്ഥാനാർത്ഥി പർവേഷ് വെർമ. കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് മൂന്നാം സ്ഥാനത്താണ്. ഏഴാം റൗണ്ട് വോട്ടെണ്ണൽ അവസാനിക്കവേ 13 വോട്ടുകൾ കൂടി നേടിയിരിക്കുകയാണ് പർവേഷ് വെർമ. നേരിയ ലീഡ് നില മാത്രമുള്ളതിനാൽ ഇടയ്ക്കിടെ കേജ്‌രിവാൾ മുന്നിലെത്തുന്നതുന്നുണ്ട്. അതിനാൽ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ന്യൂഡൽഹി മണ്ഡലം വീക്ഷിക്കുന്നത്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് രാത്രി ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ കാണും. ലീഡ് നിലയിൽ കുതിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സ‌ർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ് ബിജെപി. ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ചർച്ച നടത്തി. ഡൽഹി മുഖ്യമന്ത്രി ആരാകുമെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് നേരത്തെ സച്ച്‌ദേവ വ്യക്തമാക്കിയിരുന്നു.

പാർട്ടി പ്രതീക്ഷിച്ച ഫലം തന്നെയാണ് വോട്ടിംഗ് പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത്. എന്നിരുന്നാലും അവസാന ഫലത്തിനായി കാത്തിരിക്കും. പാർട്ടി പ്രവർത്തകർ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കഠിനാധ്വാനം ചെയ്തു. ഈ വിജയം കേന്ദ്ര നേതൃത്വത്തിന്റെ വിജയമായിരിക്കും. ഡൽഹിയിലെ പ്രശ്നങ്ങൾ മുൻനിർത്തിയാണ് തങ്ങൾ മത്സരിച്ചത്. പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിക്കാനാണ് അരവിന്ദ് കേജ്‌രിവാൾ ശ്രമിച്ചതെന്നും സച്ച്‌ദേവ പറഞ്ഞിരുന്നു.