രത്തൻ ടാറ്റയുടെ സ്വത്തിന്റെ നല്ലൊരു പങ്ക് മോഹിനിക്ക് പോകും
മുംബയ്: രത്തൻ ടാറ്റയുടെ വിൽപത്രം സംബന്ധിച്ച് വിവാദങ്ങൾ ഉടലെടുക്കുന്നു. വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരമാണെങ്കിൽ 500 കോടിയോളം വരുന്ന സ്വത്തുക്കൾ മറ്റൊരാളിലേക്ക് പോകും. രത്തൻ ടാറ്റയ്‌ക്ക് വളരെ വേണ്ടപ്പെട്ടയാൾ എന്ന് ചിലർ കരുതുന്ന മോഹിനി മോഹൻ ദത്തയിലേക്കാണ് 500 കോടി എത്തുക. ടാറ്റാ കുടുംബത്തിനും മോഹിനി വേണ്ടപ്പെട്ട വ്യക്തിയാണെന്നാണ് അറിയുന്നത്.
ജാംഷഡ്‌പൂർ ആസ്ഥാനമായുള്ള സംരംഭകനാണ് മോഹിനി മോഹൻ ദത്ത. സ്‌റ്റാലിയൺ എന്ന ട്രാവൽ ഏജൻസിയുടെ ഉടമയായിരുന്നു ഇദ്ദേഹം. 2013ൽ താജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ശൃംഖലയിൽ സ്‌റ്റാലിയൺ ലയിച്ചു. എന്നിരുന്നാലും ഇതിന്റെ 80 ശതമാനം ഓഹരികളും മോഹിനിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പേരിലാണ്.
രണ്ട് പെൺമക്കളാണ് മോഹിനി മോഹൻ ദത്തയ്‌ക്കുള്ളത്. ഇരുവരും ടാറ്റ ഗ്രൂപ്പിൽ ജോലി നോക്കിയിരുന്നു. രത്തൻ ടാറ്റയുമായി 60 വർഷത്തെ സൗഹൃദമാണ് തനിക്കുള്ളതെന്നും, തന്നെ രൂപപ്പെടുത്തി എടുത്തതിൽ രത്തൻ ടാറ്റയുടെ പങ്ക് വളരെ വലുതാണെന്നും മോഹിനി വെളിപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ ഒക്‌ടോബർ 9ന് ആണ് ഇന്ത്യൻ വ്യവസായത്തിലെ മഹാരഥനായിരുന്ന രത്തൻ ടാറ്റ അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് രണ്ടാഴ്‌ചകൾക്ക് ശേഷമാണ് വിൽപത്രത്തിലെ വിവരങ്ങൾ പുറത്തുവന്നത്. അതിൻപ്രകാരം സ്വത്തിന് അവകാശികൾ നിരവധിയാണ്. സഹോദരൻ, അർദ്ധ സഹോദരിമാർ, പരിചാരകർ, എക്‌സിക്യൂട്ടീവ് അസിസ്‌റ്റന്റ് ആയിരുന്ന ശന്തനു നായിഡു എന്നിവർക്കെല്ലാം സ്വത്തിൽ അവകാശം രത്തൻ ടാറ്റ രേഖപ്പെടുത്തിയിട്ടുണ്ട്.
അലിബാഗിലെ ബീച്ച് ബംഗ്ളാവ്, ജുഹുവിലെ ഇരുനില മാളിക, 350 കോടിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ്, ടാറ്റസൺസിലെ ഓഹരി എന്നിവയെല്ലാം ഈ പറഞ്ഞവരിലേക്ക് അധികം വൈകാതെ എത്തും.