വറ്റി വരണ്ട് ജലസ്രോതസ്സുകൾ...... കുടിനീരിനായി പരക്കംപാഞ്ഞ്

Sunday 09 February 2025 12:12 AM IST

കോട്ടയം: ചൂട് വർദ്ധിച്ചതോടെ ജില്ലയിലെ ജലസ്രോതസുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴുന്നു. താഴ്‌ന്ന പ്രദേശങ്ങളിൽ പോലും ജലദൗർലഭ്യം അനുഭവപ്പെടുകയാണ്. പലയിടത്തും കുടിവെള്ളം കിട്ടാക്കനിയായി മാറി. കൊടൂർ, മണിമല, മീനച്ചിലാർ എന്നിവയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളും അവതാളത്തിലായി. 42 പഞ്ചായത്തുകളുടെയും കോട്ടയം,ഏറ്റുമാനൂർ, പാലാ, ഈരാറ്റുപേട്ട നഗരസഭകളിലെയും കുടിവെള്ളസ്രോതസാണ് മീനച്ചിലാർ. 15 കുടിവെള്ള സംഭരണികളും സ്ഥിതി ചെയ്യുന്നു. നിരവധി ചെക്കുഡാമുകളുമുണ്ടെങ്കിലും വറ്റിവരണ്ട് തുടങ്ങി. പട്ടർമഠം, പൂവത്തുംമൂട്, വെള്ളൂപറമ്പ്, പാലാ ശുദ്ധജല പദ്ധതികളെയും വരൾച്ച ബാധിച്ച് തുടങ്ങി. മണിമലയാറിന്റെ പല പ്രദേശങ്ങളിലും മണൽ പരപ്പ് മാത്രമായി. ജില്ലയുടെ കിഴക്കൻ പ്രദേശമായ മുണ്ടക്കയം, പാറത്തോട് ഭാഗത്തെ കുടിവെള്ള വിതരണവും ഇതോടെ പ്രതിസന്ധിയിലായി. ഭൂഗർഭ ജലവിഭവ വകുപ്പിന് 25 ബോർവില്ലുകൾ ഉൾപ്പെടെ 46 കിണറുകളുണ്ട്. ഇതെല്ലാം പ്രധാന നദികളോട് ചേർന്നാണ്.

ഇരട്ടി പ്രഹരമായി ഉപ്പുവെള്ളവും

തണ്ണീർമുക്കം ബണ്ട് അടച്ചതോടെ വൈക്കം , തലയോലപ്പറമ്പ് പ്രദേശത്ത് മൂവാറ്റുപുഴയാറിൻ തീരത്ത് താമസിക്കുന്നവർക്ക് ഉപ്പുവെള്ളം ദുരിതം സൃഷ്ടിക്കുകയാണ്. കുടിവെള്ള വിതരണത്തെയും ഇത് സാരമായി ബാധിച്ചു. പുഴയിലെയും തോടുകളിലെയും വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പടിഞ്ഞാറൻ മേഖലയിൽ കൃഷിയിടങ്ങളിലും വെള്ളം എത്തിക്കാനാകാതെ കർഷകർ ബുദ്ധിമുട്ടിലാണ്. ഇത് വിളവ് കുറയാനിടയാക്കും. മഴ പെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിടുമെന്നാണ് ആശങ്ക. ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ ചൂടുള്ള ജില്ലകളിൽ സ്ഥിരമായി രണ്ടും മൂന്നും സ്ഥാനത്താണ് കോട്ടയം. പകൽ ചൂട് കൂടി നിൽക്കുന്നത് ഭൂഗർഭ ജലത്തെയാണ് ബാധിക്കുക.

ജല വില്പന ലൈസൻസില്ലാതെ

ടാങ്കർ ലോറികളിൽ വെള്ളം വിൽക്കുന്ന സംഘങ്ങൾ ഇതിനോടകം സജീവമായിട്ടുണ്ട്. എന്നാൽ, വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനയില്ല. യാതൊരു വിധ ലൈസൻസുമില്ലാതെയാണ് ജലവില്പന. എവിടെ നിന്നാണ് ശേഖരിക്കുന്നതെന്നോ, ഉപയോഗ യോഗ്യമായ വെള്ളമാണോ എന്ന് കണ്ടെത്താനോ സംവിധാനമില്ല.

''കാലവർഷത്തിന് ഇനി മൂന്നുമാസമെങ്കിലുമെടുക്കും. കുടിവെള്ള സ്രോതസുകളെല്ലാം വറ്റി തുടങ്ങിയതോടെ ഗുരുതരമായ ശുദ്ധജലക്ഷാമമാകും ജില്ല അഭിമുഖീകരിക്കുക. ജലജന്യ രോഗങ്ങൾക്കും സാദ്ധ്യതയുണ്ട്.

-ഡോ. എ.സദാശിവൻ (പരിസ്ഥിതി വിദഗ്ദ്ധൻ)​