ഭർത്താവിന്റെ മദ്യപാനം; ഒരുപാട് ട്രോമ അനുഭവിക്കുന്നെന്ന് സുമ ജയറാം
മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് സുമ ജയറാം. പിന്നീട് സിനിമയിൽ നിന്ന് ഇടവേളയെടുത്തു. മുപ്പത്തിയേഴാം വയസിലാണ് ബാല്യകാല സുഹൃത്ത് ലല്ലുവിനെ വിവാഹം കഴിച്ചത്. നാല്പത്തിയേഴാം വയസിൽ സുമ ഇരട്ടകുട്ടികൾക്ക് ജന്മം നൽകി. എന്നാൽ ഇപ്പോൾ ഭർത്താവിന്റെ മദ്യപാനം മൂലം താൻ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് സുമ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.
''ഭർത്താവ് ഫുൾ ആൽക്കഹോളിക്കാണ്. അത് പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആൽക്കഹോളിക് മാത്രമല്ല, ചെയിൻ സ്മോക്കറാണ്. എന്റെ മക്കൾ ചെറുതാണ്. അവർക്ക് ഇതൊന്നും എന്താണെന്ന് അറിയില്ല. നോ സ്മോക്കിംഗ്, നോ ഡ്രിങ്ക്സ്, നോ ഡ്രഗ്സ്, നോ ബാഡ് ഫ്രണ്ട്സ് എന്നീ നാല് കാര്യങ്ങളാണ് മക്കൾ എഴുന്നേറ്റുകഴിഞ്ഞാൽ ഞാൻ രാവിലെ ആദ്യം പറയുന്നത്. ആൺകുട്ടികളായതുകൊണ്ട് ഭാവിയിൽ ഒരു തവണയെങ്കിലും സ്മോക്ക് ചെയ്യാതിരിക്കില്ല. അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് അവർക്ക് ബോദ്ധ്യമുണ്ടാകണം. പപ്പ ചെയ്യുന്നതൊന്നും നിങ്ങൾ ചെയ്യരുത്. വിവാഹശേഷം ഞാൻ അത്ര മാത്രം മടുത്തിട്ടുണ്ട്. മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട്. എന്നെ ഉലച്ചത് ഭർത്താവിന്റെ മദ്യപാനവും സ്മോക്കിംഗുമാണ്.'' സുമ ജയറാമിന്റെ വാക്കുകൾ.
2013 ൽ ആണ് ബിസിനസുകാരനുമായ ലല്ലു ഫിലിപ്പുമായി സുമയുടെ വിവാഹം. 2022 ജനുവരിയിലാണ് ഇവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചത്. ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.