നഷ്‌ടപ്രതാപം സ്വപ്നം കണ്ട് കോൺഗ്രസ്
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ബാനറിൽ ആംആദ്‌മി പാർട്ടിക്കൊപ്പം സഖ്യമായി മത്സരിച്ച കോൺഗ്രസ് ,നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്കു നിന്നത് ഡൽഹിയിലെ നഷ്‌ടപ്രതാപം വീണ്ടെടുക്കാനാണ്.ജനകീയ അടിത്തറ തകർന്നതിനാൽ വലിയൊരു തിരിച്ചു വരവില്ലെങ്കിലും മൂന്നുമു തൽ അഞ്ചു സീറ്റെങ്കിലും പാർട്ടി പ്രതീക്ഷിച്ചിരുന്നു. വോട്ട് വിഹിതം കൂടിയെങ്കിലും ഒരാളെയും ജയിപ്പിക്കാൻ കഴിഞ്ഞില്ല. ന്യൂനപക്ഷ-ദളിത് വോട്ടുകൾ ഭിന്നിപ്പിച്ച് ആംആദ്‌മി പാർട്ടിയുടെ വഴിമുടക്കാനായതു മാത്രം നേട്ടം.
കോൺഗ്രസിന്റെ സുവർണ കാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 2008ൽ ഷീലാ ദീക്ഷിത് ഹാട്രിക് വിജയം നേടുന്നത് 70ൽ 43 സീറ്റിൽ ജയിച്ചാണ്(2003ൽ 47). 2013ൽ അന്നാ ഹസാരെയെ മുന്നിൽ നിറുത്തി അരവിന്ദ് കേജ്‌രിവാൾ നടത്തിയ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിൽ അടി തെറ്റിയ കോൺഗ്രസ് എട്ടു സീറ്റിലൊതുങ്ങി. ബി.ജെ.പിയെ ഭരണത്തിൽ നിന്നകറ്റാൻ ആംആദ്‌മി പാർട്ടിക്ക് പിന്തുണ നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. കേജ്‌രിവാളിന്റെ ആദ്യ സർക്കാർ 49 ദിവസത്തിന് ശേഷം രാജി വച്ച് രാഷ്ട്രപതി ഭരണത്തിന് വഴിയൊരുക്കി. 2015ൽ കേജ്‌രിവാൾ ഡൽഹി തൂത്തുവാരിയപ്പോഴും 2020ൽ അധികാര തുടർച്ച നേടിയപ്പോഴും കോൺഗ്രസ് സീറ്റുകളില്ലാതെ നോക്കുകുത്തിയായി നിന്നു.
ദളിത്, ന്യൂനപക്ഷ വോട്ടു ബാങ്ക് ആംആദ്‌മി പാർട്ടിയിലേക്ക് ഒഴുകിയതാണ് കോൺഗ്രസിന്റെ അടിത്തറയിളക്കിയത്. ഇക്കുറി ഒറ്റയ്‌ക്ക് മത്സരിക്കാൻ തീരുമാനിച്ചതിലൂടെ അവരെ തിരിച്ചു ലക്ഷ്യമിട്ടിരുന്നു. ആംആദ്‌മി പാർട്ടിയെയും കേജ്‌രിവാളിനെയും പ്രചാരണത്തിൽ രാഹുൽ ഗാന്ധി നേരിട്ട് ആക്രമിച്ച് നിലപാട് വ്യക്തമാക്കി. വൻ തിരിച്ചടി ആംആദ്‌മി പാർട്ടിയെ തളർത്തിയാൽ ഭാവി മുൻകൂട്ടി കണ്ടുള്ള നീക്കമെന്ന നിലയിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതു ഗുണം ചെയ്‌തേക്കും.2008ൽ 40% വോട്ടു വിഹിതമുണ്ടായിരുന്നത് 2013ൽ 24.6%മാനമായി കുറഞ്ഞിരുന്നു. സംപൂജ്യരായ 2015ൽ 9.7 %, 2020ൽ 4.31%. 2025ൽ 6.34% ആയി വർദ്ധന.