കൈക്കൂലി; പ്രൊഫസർമാരെ സസ്പെൻഡ് ചെയ്തു

Sunday 09 February 2025 12:58 AM IST

ന്യൂഡൽഹി: നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ പ്രൊഫസർമാരെ സസ്പെൻഡ് ചെയ്തു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഉൾപ്പെടെ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഇൻസ്പെക്ഷൻ കമ്മിറ്റി അദ്ധ്യക്ഷനെയും ആറ് അംഗങ്ങളെയുമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇവരെ സസ്പെൻഡ് ചെയ്തു. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിലുള്ള കോനേരു ലക്ഷ്മയ്യ എജ്യുക്കേഷൻ ഫൗണ്ടേഷന് (കെ.എൽ.ഇ.എഫ്) എ++ അക്രഡിറ്റേഷൻ ലഭിക്കുന്നതിനായി നാക് ഇൻസ്പെക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് കൈക്കൂലി നൽകിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ. പിന്നാലെയാണ് സി.ബി.ഐ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് കടന്നത്. ഇൻസ്പെക്ഷൻ കമ്മിറ്റി അദ്ധ്യക്ഷനും രാമചന്ദ്ര ചന്ദ്രവൻശി സർവകലാശാല വൈസ് ചാൻസലറുമായ സമരേന്ദ്ര നാഥ് സാഹ,കമ്മിറ്റി അംഗങ്ങളായ രാജീവ് സിജാരിയ (ജെഎൻയു പ്രൊഫസർ),ഡി ഗോപാൽ (ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോ ഡീൻ),രാജേഷ് സിംഗ് പവാർ (ജാഗ്രൻ ലേക്‌സിറ്റി യൂണിവേഴ്‌സിറ്റി ഡീൻ),ജി.എൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് ഡയറക്ടർ മാനസ് കുമാർ മിശ്ര,ദാവൻഗെരെ സർവകലാശാലയിലെ പ്രൊഫസർ ഗായത്രി ദേവരാജ്,സംബൽപൂർ സർവകലാശാലയിലെ പ്രൊഫസർ ബുലു മഹാറാണ എന്നിവരാണ് അറസ്റ്റിലായത്.