'പാർട്ടി തോറ്റു,  വലിയ  നേതാക്കളെല്ലാം  തോറ്റു'; എന്നിട്ടും നൃത്തം ചെയ്ത് ആഘോഷിച്ച് അതിഷി, വിമർശനം

Sunday 09 February 2025 10:48 AM IST

ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ​ആം​ ​ആ​ദ്മി പാർട്ടി വൻ തിരിച്ചടി നേരിട്ട സമയത്തും നൃത്തം ചെയ്ത മുഖ്യമന്ത്രി അതിഷി മർലേനയ്‌ക്കെതിരെ രൂക്ഷവിമർശനം. കൽക്കാജി മണ്ഡലത്തിലെ തന്റെ വിജയത്തിന് പിന്നാലെ നൃത്തം ചെയ്ത ​ആം​ ​ആ​ദ്മി നേതാവ് കൂടിയായ അതിഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭരണം പോയിട്ടും കേജ്‌രിവാളടക്കമുള്ള പാർട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം തോറ്റിട്ടും എങ്ങനെയാണ് അതിഷിക്ക് നൃത്തം ചെയ്യാനാകുന്നത് എന്നാണ് പലരുടെയും ചോദ്യം.

അതിഷിക്കെതിരെ ആം​ ​ആ​ദ്മി നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാളും രംഗത്തെത്തിയിട്ടുണ്ട്. നാണക്കേട് എന്നായിരുന്നു സ്വാതി മലിവാളിന്റെ പ്രതികരണം. 'എന്തൊരു നാണംകെട്ട പ്രകടനമാണിത്? പാർട്ടി തോറ്റു, വലിയ നേതാക്കളെല്ലാം തോറ്റു, അതിഷി ഇങ്ങനെ ആഘോഷിക്കുകയാണോ?',- സ്വാതി എക്സിൽകുറിച്ചു. 52,154 വോട്ടുകൾ നേടിയാണ് അതിഷി കൽക്കാജി സീറ്റ് നിലനിർത്തിയത്. ബിജെപിയുടെ രമേഷ് ബിധുരിയെ 3,521 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അതിഷി പരാജയപ്പെടുത്തിയത്.

ഡൽഹിയിൽ 70​ ​നി​യ​മ​സ​ഭ​ ​സീ​റ്റു​ക​ളി​ൽ​ 48​ ​ഇ​ട​ത്തും​ ​ബിജെ​പി​ ​വൻവിജയമാണ് നേടിയത്.​ 2020​ൽ​ ​ ​ബിജെ​പി​ക്ക് ​കി​ട്ടി​യ​ത് ​എ​ട്ട് ​സീ​റ്റ് ​മാ​ത്രമായിരുന്നു.​ ​അ​ന്ന് 62​ ​സീ​റ്റ് ​നേ​ടി​യ​ ​ആ​പ്പി​നെ ഇത്തവണ​ ​ബിജെപി​ 22​ ​സീ​റ്റി​ൽ​ ​ത​ള​ച്ചു.​ ​ഒ​രു​കാ​ല​ത്ത് ​ത​ല​സ്ഥാ​നം​ ​അ​ട​ക്കി​വാ​ണി​രു​ന്ന​ ​കോ​ൺ​ഗ്ര​സ് ​തു​ട​ർ​ച്ച​യാ​യി​ ​മൂ​ന്നാ​മ​തും​ ​പൂ​ജ്യ​ത്തി​ലൊ​തു​ങ്ങി.​ ​സിപിഎം,​ ​സിപിഐ പാ​ർ​ട്ടി​ക​ളു​ടെ​ ​വോ​ട്ടു​ശ​ത​മാ​നം​ ​'​നോ​ട്ട​​യ്ക്കും​ ​താ​ഴെയാണ്.