'മോഹൻലാൽ ചിത്രത്തിൽ ഞാൻ പാടേണ്ടെന്ന് പറഞ്ഞു, ഒടുവിൽ സംവിധായകൻ ഇടപെട്ടു; അദ്ദേഹത്തിന്റെ തീരുമാനത്തിന് കാരണം'

Sunday 09 February 2025 12:02 PM IST

മലയാളത്തിൽ കൂടുതൽ ഗാനങ്ങൾ പാടാൻ അവസരം തന്നത് സംഗീത സംവിധായകൻ വിദ്യാസാഗറാണെന്ന് ഗായകൻ എം ജി ശ്രീകുമാ‌ർ. അദ്ദേഹവുമായി ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും എം ജി ശ്രീകുമാർ പറഞ്ഞു. പല ഗായകൻമാരും വിദ്യാസാഗറിന്റെ ഗാനങ്ങളിലൂടെയാണ് തിളങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാസാഗറിനോടൊപ്പമുളള അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് എം ജി ശ്രീകുമാ‌ർ ഇക്കാര്യങ്ങൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.

'മലയാളത്തിൽ വിദ്യാസാഗറിനുവേണ്ടി കൂടുതൽ ഗാനങ്ങൾ പാടിയിരിക്കുന്നത് സുജാതയാണ്. സുജാതയ്ക്ക് പാട്ടുകൾ പാടുമ്പോൾ കുറച്ച് ഭാവങ്ങൾ ഉണ്ടായിരുന്നു. ഒരുപക്ഷെ അതായിരിക്കും വിദ്യാസാഗർ സുജാതയിൽ ഇഷ്ടപ്പെട്ടിട്ടുളളത്. ഞാൻ കൂടുതലും ചിത്ര ചേച്ചിയുമായിട്ടാണ് പാടിയിട്ടുളളത്. പക്ഷെ വിദ്യാസാഗറിന്റെ പാട്ടുകൾ പാടിയത് സുജാതയോടൊപ്പമായിരുന്നു.

മീശമാധവൻ സിനിമയിൽ പാടാൻ എന്നെ റെക്കോഡിംഗിനായി വിദ്യാസാഗർ വിളിച്ചു. അതിന്റെ തലേദിവസം എനിക്ക് ചങ്ങനാശേരിയിലെ അമ്പലത്തിൽ പരിപാടി ഉണ്ടായിരുന്നു. രാത്രി 12 മണി വരെ പരിപാടി ഉണ്ടായിരുന്നു. പി​റ്റേന്ന് പത്ത് മണിയായപ്പോൾ ഞാൻ റെക്കോഡിംഗിനായി സ്​റ്റുഡിയോയിൽ എത്തി. അപ്പോഴേയ്ക്കും ശബ്ദത്തിൽ ചില മാ​റ്റങ്ങൾ വന്നിരുന്നു. എനിക്ക് ആ ഗാനം ശരിയായി പാടാൻ പ​റ്റിയില്ല. ഞാൻ റെക്കോഡിംഗ് അടുത്ത ദിവസത്തേയ്ക്ക് മാ​റ്റി വയ്ക്കാമോയെന്ന് വിദ്യാസാഗറിനോട് ചോദിച്ചു. പ​റ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞങ്ങൾക്കിടയിൽ തെ​റ്റിദ്ധാരണ ഉണ്ടായി. അതിനുശേഷം വിദ്യാസാഗർ ആ ഗാനം വിധു പ്രതാപിനെക്കൊണ്ട് പാടിപ്പിച്ചു. അതിനു പരിഹാരമായി മീശമാധവനിലെ മ​റ്റൊരു ഗാനം വിദ്യാസാഗർ എന്നെക്കൊണ്ട് പാടിപ്പിച്ചു.

അദ്ദേഹത്തിന്റെ ഒരുപാട് ഗാനങ്ങൾ ഞാൻ പാടിയിട്ടുണ്ട്. വിദ്യാസാഗറിന്റെ ഗാനങ്ങൾ പാടാൻ എനിക്ക് ഇപ്പോഴും ഭയങ്കര ഊർജമാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ ന്യൂജെനറേഷൻ സിനിമകളിൽ വന്നാലും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. മോഹൻലാൽ നായകനായ ദേവദൂതൻ എന്ന ഒരു സിനിമയിൽ നല്ലൊരു ഗാനം ഉണ്ടായിരുന്നു.എന്നെയാണ് പാടാനായി തീരുമാനിച്ചത്. പക്ഷെ വിദ്യാസാഗർ ഞാൻ ആ പാട്ട് പാടേണ്ടെന്ന് തീരുമാനിച്ചു. പക്ഷെ സംവിധായകനായ സിബി മലയിൽ ഞാൻ പാടിയാൽ മതിയെന്ന് വാശി പിടിച്ചു, ഒടുവിൽ പാടി. പക്ഷെ ആ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല. റിമി ടോമിയെ ഗായികയായി കൊണ്ടുവന്നതും അദ്ദേഹമായിരുന്നു'- എം ജി ശ്രീകുമാർ പറഞ്ഞു.