ജീവിത വിജയത്തിന്റെ ബ്രഹ്മസ്ഥാനം

Monday 10 February 2025 3:24 AM IST

ക്ഷേത്രം ഒരു കണ്ണാടി പോലെയാണ്. അതിലൂടെ നമ്മെത്തന്നെ കാണാനും നമ്മുടെ മേലുള്ള അഴുക്ക് നീക്കി സ്വയം ശുദ്ധീകരിക്കാനും കഴിയും- ക്ഷേത്ര സങ്കല്പത്തെക്കുറിച്ച് മാതാ അമൃതാനന്ദമയീ ദേവിയുടെ കാഴ്ചപ്പാട് ഇതാണ്. ഈ സങ്കല്പത്തെ അധിഷ്ഠാനമാക്കിയാണ് അമ്മ ബ്രഹ്മസ്ഥാന ക്ഷേത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഒറ്റശിലയിൽ നാല് ഭാവങ്ങൾ- ശിവൻ, ദേവി, ഗണപതി, രാഹു/സുബ്രഹ്മണ്യൻ. ഒരേ കുടുംബത്തിലെ ഈ നാല് അംഗങ്ങളും നാനാത്വത്തിലെ ഏകത്വത്തിന്റെ നിദാനമാണ്. ലോകം ഒരൊറ്റ കുടുംബമാണെന്ന 'വസുധൈവ കുടുംബകം" എന്ന ആശയമാണ് ശിവകുടുംബത്തെ പ്രതിനിധീകരിക്കുന്ന ഈ ക്ഷേത്രം നമുക്ക് പകർന്നു നൽകുന്നത്. ആർഷഭാരതം മുന്നോട്ടുവയ്ക്കുന്ന 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്ന തത്വം തന്നെയാണ് അമ്മയും ഇതിലുടെ നമ്മോട് പങ്കുവയ്ക്കുന്നത്.

ജീവിതവിജയത്തിന് കുടുംബത്തിലും സമൂഹത്തിലും ഉണ്ടായിരിക്കേണ്ട സമരസതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശവും ഈ ശിവകുടുംബത്തിലെ ഓരോ അംഗത്തിന്റെയും വാഹനങ്ങൾ നമുക്കായി നൽകുന്നു. ശിവന്റെ വാഹനം കാളയാണ്. ദേവിയുടെ വാഹനമാകട്ടെ സിംഹവും! അതുപോലെതന്നെ മുരുകന് മയിലും ഗണേശന് മൂഷികനും വാഹനങ്ങളായിരിക്കുന്നു. ലോകരീത്യാ ശത്രുഭാവത്തിൽ വർത്തിക്കുന്ന ഇവ സഹവർത്തിത്വത്തോടെ ഒരുമിക്കുന്നതുപോലെ മനുഷ്യമനസുകൾ ഒരുമിക്കുന്നിടത്താണ് ശിവകുടുംബം പുലരുന്നത് എന്ന തത്വമാണ് ഒറ്റശിലയിൽ ഒരു കുടുംബമടങ്ങുന്ന ബ്രഹ്മസ്ഥാന പ്രതിഷ്ഠയിലൂടെ അമ്മ നമുക്ക് കാണിച്ചു തരുന്നത്. എല്ലാ നാമങ്ങളും രൂപങ്ങളും ഒരേയൊരു പരമാർത്ഥസത്യത്തിന്റെ വ്യത്യസ്തവശങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന സന്ദേശവും ബ്രഹ്മസ്ഥാന ക്ഷേത്രങ്ങൾ നൽകുന്നു. ബ്രഹ്മസ്ഥാനമെന്ന പേരിൽത്തന്നെയുണ്ട് ഈ ആരാധനാക്രമത്തിന്റെ സൂചന.

1988-ൽ കൊടുങ്ങല്ലൂരിലാണ് അമ്മ ആദ്യമായി ബ്രഹ്മസ്ഥാനം നിർമ്മിച്ച് പ്രാണപ്രതിഷ്ഠ നടത്തിയത്. കേരളത്തിനകത്തും പുറത്തുമായി ഇരുപത്തിയൊന്ന് ബ്രഹ്മസ്ഥാനങ്ങളുണ്ട്. ഭാരതത്തിനു പുറത്ത് മൗറിഷ്യസിലും ഒരു ബ്രഹ്മസ്ഥാന ക്ഷേത്രമുണ്ട്. അമ്മതന്നെയാണ് ഈ ക്ഷേത്രങ്ങളുടെയെല്ലാം പ്രാണപ്രതിഷ്ഠ നടത്തിയത്. ഈ ക്ഷേത്രങ്ങളിൽ പൂജാരികളായി സ്ത്രീകളെ നിയോഗിച്ചതിലൂടെ സമൂഹത്തിൽ വിപ്ലവകരമായ മാറ്റത്തിനും അമ്മ തുടക്കം കുറിച്ചു. ജാതിമത ഭേദമന്യേ സകലർക്കും പ്രാർത്ഥിക്കാനും പൂജിക്കാനും ഇവിടെ സാധിക്കുമെന്നതും ഇവിടത്തെ സവിശേഷതയാണ്.

നമ്മുടെ കർമ്മങ്ങളുടെ ദോഷഫലങ്ങളെ ലഘൂകരിക്കാൻ ബ്രഹ്മസ്ഥാനത്ത് ചെയ്യുന്ന പൂജകൾ സഹായിക്കുമെന്നാണ് അമ്മ പറയുന്നത്. അതിനനുസൃതമായാണ് ഇവിടത്തെ പൂജാ സങ്കല്പങ്ങളും. വഴിപാടിന് പണമടച്ച് മറ്റൊരാൾ പൂജ ചെയ്യുന്നതിനു പകരം ഭക്തർക്ക് നേരിട്ട് പൂജ ചെയ്യാനുള്ള അവസരവും അമ്മ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈശ്വരനു മുന്നിൽ സ്വയം സമർപ്പിക്കുവാനുള്ള അസുലഭ അവസരമാണ് ബ്രഹ്മസ്ഥാന ക്ഷേത്ര ദർശനത്തിലൂടെയും പൂജാവിധാനങ്ങളിലൂടെയും ഭക്തർക്കു ലഭിക്കുന്നത്.