മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻതാരയും

Sunday 09 February 2025 7:58 PM IST

വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻതാര, കൊച്ചിയിൽ നടക്കുന്ന ചിത്രത്തിന്റെ അഞ്ചാമത്തെ ഷെഡ്യൂളിലാണ് ലേഡി സൂപ്പർസ്റ്റാർ അഭിനയിക്കാൻ എത്തിയത്. ഒൻപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. 2016ൽ പുറത്തിറങ്ങിയ പുതിയ നിയമത്തിലാണ് ഇരുവരും ഒടുവിൽ ഒരുമിച്ചഭിനയിച്ചത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, രൺജി പണിക്ക‌ർ, രാജീവ് മേനോൻ, ‌ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻഷ , ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും താരനിരയിലുണ്ട്.

ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ സി.ആർ.സലിമും സുഭാഷ് ജോർജ് മാനുവലുമാണ്. കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി. സാരഥയുമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാർ, മനുഷ് നന്ദനാണ് ഛായാഗ്രഹണം.