'നിന്റെ മാനം പോകും', സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് നടന്‍ ബാലയുടെ മുന്‍ ഭാര്യ

Sunday 09 February 2025 9:05 PM IST

മലയാളികള്‍ക്ക് സുപരിചിതനാണ് നടന്‍ ബാല. ഗായിക അമൃതയുമായുള്ള താരത്തിന്റെ വിവാഹവും വിവാഹമോചനവും ഇതിന് ശേഷമുള്ള താരത്തിന്റെ വിവാഹങ്ങളും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളുമെല്ലാം വലിയ ചര്‍ച്ചയായ വിഷയങ്ങളായിരുന്നു. അമൃതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. എന്നാല്‍ ഈ ബന്ധവും അധികം മുന്നോട്ട് പോയില്ല. മാസങ്ങള്‍ക്ക് ശേഷം തന്റെ ബന്ധു കൂടിയായ കോകിലയെ ബാല വിവാഹം കഴിച്ചിരുന്നു.

ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളില്‍ ബാലയുടെ മുന്‍ ഭാര്യ എലിസബത്ത് പങ്കുവച്ച ഒരു സ്‌ക്രീന്‍ഷോട്ട് ആണ് പുതിയ സംഭവം. 2024 ഒക്ടോബറില്‍ കോകിലയെ വിവാഹം കഴിച്ചതിന് ശേഷം ബാല കൊച്ചിയില്‍ നിന്ന് താമസം മാറിയിരുന്നു. ബാലയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശേഷം തൃശൂര്‍ സ്വദേശിയായ എലിസബത്ത് കേരളത്തിന് പുറത്താണ് താമസം. നിലവില്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് അവര്‍ ജോലി ചെയ്യുന്നത്.

ബാലയുമായി പിരിഞ്ഞതിന് ശേഷം സമൂഹമാദ്ധ്യമങ്ങളില്‍ നിരവധിപേരാണ് എലിസബത്തിനെതിരെ സൈബര്‍ ആക്രമണം നടത്തിയത്. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന പരിധിവിടുന്ന കമന്റുകള്‍ക്കെതിരെ പ്രതികരിക്കുമെന്നാണ് എലിസബത്ത് തീരുമാനിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള പ്രതികരണം എന്നതരത്തില്‍ ഒരാള്‍ പോസ്റ്റ് ചെയ്ത കമന്റ് ആണ് എലിസബത്ത് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

'നീ ഇനി കൂടുതലൊന്നും പറയാന്‍ നില്‍ക്കണ്ട. ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തും. അതോടെ നിന്റെ മാനം പോകും. അതുകൊണ്ട് ആ വഴിക്ക് തിരിഞ്ഞ് നോക്കല്ലേ' എന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് എലിസബത്ത് പങ്കുവച്ചിരിക്കുന്നത്. ഇതുപോലെയുള്ള കമന്റുകളെല്ലാം താന്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് വച്ചിട്ടുണ്ടെന്നും ഓരോന്നായി പോസ്റ്റ് ചെയ്യുമെന്നും അവര്‍ പറയുന്നു.