45 കോടിയുടെ വസതി പണിതു ,​ യാത്ര ആഡംബര കാറുകളിൽ; കെജ്‌രിവാളിനെതിരെ പ്രശാന്ത് ഭൂഷൺ

Sunday 09 February 2025 9:34 PM IST

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമേറ്റു വാങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി സഹസ്ഥാപകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം കെജ്‌രിവാളിനാണെന്ന് പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. എക്സിലായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. നിലവിലെ രാഷ്ട്രീയത്തിന് ബദലായി രൂപീകരിച്ചതും സുതാര്യവും ഉത്തരവാദിത്വമുള്ളതും ജനാധിപത്യപരവുമായ ഒരു പാർട്ടിയെ കെജ്‌രിവാൾ സുതാര്യതയില്ലാത്ത, അഴിമതി നിറഞ്ഞ ഏകാധിപത്യ സ്വഭാവമുള്ളതാക്കി മാറ്റിയെന്ന് പ്രശാന്ത് ഭൂഷൺ പറയുന്നു.

കെജ്‌രിവാൾ തനിക്കായി 45 കോടിയുടെ മാളിക പണിതു. ആഡംബര കാറുകളിൽ യാത്ര ചെയ്യാൻ തുടങ്ങി. പാർട്ടി രൂപീകരിച്ചപ്പോൾ പ്രവർത്തന രേഖയായി തയ്യാറാക്കിയ നയറിപ്പോർട്ട് കെ‌ജ്‌രിവാൾ ചവറ്റുകൊട്ടയിൽ എറിഞ്ഞു. സാഹചര്യത്തിന് അനുസരിച്ചുള്ള നയങ്ങൾ രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് പ്രശാന്ത് ഭൂഷൺ വിമർശിച്ചു. കുപ്രചാരണങ്ങളിലൂടെ രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകാമെന്നാണ് കെജ്‌രിവാൾ ധരിച്ചത്,​ ആം ആദ്മി പാർട്ടിയുടെ അവസാനത്തിന്റെ ആരംഭമാണിതെന്നും പ്രശാന്ത് ഭൂഷൺ പറയുന്നു.

അണ്ണാ ഹസാരെ രൂപം നൽകിയ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു പ്രശാന്ത് ഭൂഷൺ. 2012 മുതൽ കെജ്‌രിവാളിനോടൊപ്പം പ്രവർത്തിച്ചു. പിന്നീട് പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് പ്രശാന്ത് ഭൂഷൺ,​ യോഗേന്ദ്ര യാദവ് എന്നിവരെ എ.എ.പിയിൽ നിന്ന് പുറത്താക്കിയിരുന്നു.