ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ, 31 മാവോയിസ്റ്റുകളെ വധിച്ചു, 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

Monday 10 February 2025 4:52 AM IST

റായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപ്പൂരിൽ ഏറ്റുമുട്ടലിനിടെ 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. രണ്ട് സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ

ഇന്ദ്രാവതി നാഷണൽ പാർക്കിലെ ഉൾവനത്തിലായിരുന്നു ഏറ്റുമുട്ടൽ.

പ്രദേശത്ത് മാവോയിസ്റ്റുകൾ ഉണ്ടെന്ന വിവരത്തെത്തുടർന്ന് സി.ആർ.പി.എഫ്, ഛത്തീസ്‌ഗഢ് പൊലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ വിഭാഗം, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് എന്നിവയടക്കം പരിശോധന നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. വീരമൃത്യു വരിച്ചരിൽ ഒരാൾ സംസ്ഥാന പൊലീസിന്റെ ജില്ലാ റിസർവ് ഗാർഡിലെ അംഗമാണ്. മറ്റൊരാൾ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലും. കൊല്ലപ്പെട്ട മാവേയിസ്റ്റുകളിൽ നിന്ന് തോക്കുകൾ, ആയുധങ്ങൾ ഗ്രനേഡുകൾ, സ്ഫോടക വസ്തുക്കൾ തുടങ്ങിയവ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

31 മാവോയിസ്റ്റുകളെ വധിച്ചതായി ബസ്തർ ഐ.ജി പി.സുന്ദർരാജ് സ്ഥിരീകരിച്ചു. ഇന്ദ്രാവതി നാഷണൽ പാർക്ക് പ്രദേശം മാവോയിസ്റ്റുകളുടെ സുരക്ഷിത താവളമാണ്. 2,799.08 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന പാർക്ക് മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്നു. 1983ൽ കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.

ഒരാഴ്ചയ്ക്കിടെ വീണ്ടും ഏറ്റുമുട്ടൽ

ബീജാപ്പൂരിൽ ഒരാഴ്ച മുമ്പ് സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ജനുവരി 12ന് നടന്ന ഏറ്റുമുട്ടലിലും രണ്ട് സ്ത്രീകൾ അടക്കം അഞ്ച് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.