ട്രംപ് - മോദി കൂടിക്കാഴ്ചയിൽ പൊലിയുന്നത് ചൈനയുടെ സ്വപ്നം, വഴിയൊരുങ്ങുന്നത് ഇന്ത്യൻ സാമ്പത്തിക രംഗത്ത് വൻമാറ്റങ്ങൾക്ക്
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക രംഗത്തു വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന ഇന്ത്യ-മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐ.എം.ഇ.സി) പദ്ധതിയിൽ നിർണായക തീരുമാനങ്ങൾ ഉടനുണ്ടാകുമെന്ന് സൂചന. നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ 12,13 തീയതികളിൽ യു.എസിൽ വച്ച് നടക്കാനിരിക്കുന്ന കൂടിക്കാഴ്ച്ചയിലായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നടക്കുക. അദാനി ഗ്രൂപ്പാണ് ഐ.എം.ഇ.സി പദ്ധതിയുടെ പ്രധാന പങ്കാളി. ഇതുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, സാമ്പത്തിക സഹകരണം,കുടിയേറ്റം എന്നീ വിഷയങ്ങളിലും ട്രംപ്-മോദി ചർച്ച നടന്നേക്കും. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിൽ ട്രംപിന്റെ പ്രതികരണം നിർണായകമാകും. വ്യാപാരം,പ്രതിരോധം, ഇന്തോ-പസഫിക് മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനുള്ള ചർച്ചകളുണ്ടാകും.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ‌് ഇനിഷ്യേറ്റീവ് ( ബി.ആർ.ഐ) പദ്ധതിക്ക് ബദലായി ഐ.എം.ഇ.സി പദ്ധതിയെ ഉയർത്തിക്കാട്ടാനാണ് നീക്കം. മിഡിൽ ഈസ്റ്റ് വഴി ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഐ.എം.ഇ.സി. ഇന്ത്യ. യു.എ.ഇ, സൗദി അറേബ്യ, ഇസ്രയേൽ, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന 4500 കിലോമീറ്റർ വ്യാപാര പാതയാണ് ഐ.എം.ഇ.സിയുടെ പ്രത്യേകത. പദ്ധതിയുടെ ഭാഗമായി പുതിയ തുറമുഖങ്ങൾ, റെയിൽ പാതകൾ, ഊർജ്ജ പദ്ധതികൾ എന്നിവയുടെ നിർമ്മാണമാണ് ലക്ഷ്യം വയ്ക്കുന്നത്. പദ്ധതിയിൽ പങ്കാളികളാകുന്ന രാജ്യങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.