അതിഷിയുടെ വിജയാഹ്ലാദ ഡാൻസ് വൈറൽ
ന്യൂഡൽഹി: ആംആദ്മി പാർട്ടിയും അരവിന്ദ് കേജ്‌രിവാളും കനത്ത തിരിച്ചടിയേറ്റ് നിൽക്കുന്ന സമയത്ത് അതിഷിയുടെ വിജയാഹ്ലാദ ഡാൻസ് ചർച്ചയായി. കൽക്കാജി മണ്ഡലത്തിലെ വിജയം ആഘോഷിക്കവെ,പ്രവർത്തകർക്കൊപ്പം അതിഷി ഡാൻസ് ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. ആരുടെ പരാജയമാണ് ആഘോഷിക്കുന്നതെന്ന് ചോദ്യങ്ങളുയർന്നു. 3,521 വോട്ടുകൾക്കാണ് ബി.ജെ.പിയിലെ രമേഷ് ബിദുരിയെ അതിഷി തറപറ്റിച്ചത്. കേജ്‌രിവാൾ,മനീഷ് സിസോദിയ,സൗരഭ് ഭരദ്വാജ്, സത്യേന്ദർ ജെയ്ൻ തുടങ്ങിയ മുൻനിര നേതാക്കളുടെ പരാജയത്തിനിടെ അതിഷിയുടെ വിജയം പാർട്ടിക്ക് ആശ്വാസമായിരുന്നു. ഇതിനിടെയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി കൊണ്ട് വനിതാ നേതാവിന്റെ നൃത്തചുവടുകൾ.
ലജ്ജാകരമെന്ന് മലിവാൾ
അതിഷിയുടെ ഡാൻസിനെതിരെ ആംആദ്മി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന രാജ്യസഭാ എം.പി സ്വാതി മലിവാൾ രംഗത്തെത്തി. നാണംകെട്ട പ്രവൃത്തിയെന്ന് വിമർശിച്ചു. പാർട്ടിയും മുൻനിര നേതാക്കളും തോറ്റ് നിൽക്കുമ്പോൾ അതിഷി ഇത്രമേൽ ആഘോഷിക്കുകയാണോയെന്ന് ചോദിച്ചു. ഡാൻസ് വീഡിയോ എക്‌സ് അക്കൗണ്ടിൽ ഷെയർ ചെയ്‌താണ് വിമർശനം.