സ്ഥാപന ഉടമയെ കബളിപ്പിച്ച് 93 ലക്ഷം തട്ടിയയാൾ പിടിയിൽ
ഏറ്റുമാനൂർ : മദ്ധ്യവയസ്‌കന്റെ സ്ഥാപനത്തിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയ കേസിൽ മാനേജർ അറസ്റ്റിൽ. തൊടുപുഴ വെള്ളമറ്റത്തിൽ മനോജ് (48) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അതിരമ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മന്നകുളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെയർ ലൈൻ അക്കാഡമിയിലെ മാനേജരായിരുന്നു ഇയാൾ. ഉടമസ്ഥൻ അറിയാതെ കൂട്ടാളിയുമായി ചേർന്ന് ഹെയർ പ്രോഡക്ടുകൾ ഇയാളുടെ പേരിലുള്ള യൂട്യൂബ് ചാനൽ വഴി വില്പന നടത്തി പണം സമ്പാദിക്കുകയും, കള്ള ഒപ്പിട്ട് വ്യാജ പ്രമാണം ചമച്ച് പണംവാങ്ങുകയുമായിരുന്നു. കൂടാതെ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 200 കിലോയോളം മുടിയും, ലക്ഷക്കണക്കിന് രൂപയും 10,000 യു.എസ് ഡോളറും കബളിപ്പിച്ച് തട്ടിയെടുത്തു. കമ്പ്യൂട്ടറും, മൊബൈൽ ഫോണുമടക്കം മോഷ്ടിച്ചു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ് അൻസൽ, എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ വിനോദ്, സി.പി.ഒമാരായ ഡെന്നി,സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.