''ബ്ളഡിൽ കുതിർന്ന അണ്ടർവെയർ കാണിച്ചിട്ട് അയാൾ പറഞ്ഞു നീ വന്നില്ലെങ്കിൽ ഞാൻ ആശുപത്രിയിൽ പോകില്ല''

Tuesday 11 February 2025 12:01 PM IST

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തൽ. പ്രതിയും ഹോട്ടലുടമയുമായ ദേവദാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി തന്നെയാണ് രംഗത്തെത്തിട്ടുള്ളത്. ദേവദാസ് ഭാര്യയ‌്‌ക്കൊപ്പം ടൂർ പോയ സമയത്ത് പോലും വളരെ മോശമായ രീതിയിൽ തനിക്ക് മെസേജുകൾ അയച്ചിരുന്നുവെന്ന് അതിജീവിത പറയുന്നു. ജോലി ഉപേക്ഷിച്ച് പോയപ്പോഴെല്ലാം ക്ഷമ ചോദിച്ച് ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകി. എന്നാൽ മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്ന് പെൺകുട്ടി ആരോപിച്ചു.

പെൺകുട്ടിയുടെ വാക്കുകൾ-

''ആദ്യവട്ടം എനിക്ക് അയാൾ മോശമായി മെസേജ് അയക്കുന്നത് ഭാര്യയ്‌ക്കൊപ്പം ടൂർ പോയ സമയത്താണ്. ഫിസിക്കൽ റിലേഷൻഷിപ്പിന് താൽപര്യമുണ്ടെന്നായിരുന്നു സന്ദേശം. തുടർന്ന് ഞാൻ എന്റെ വീട്ടിലേക്ക് പോയി. പിന്നീട് ഒരുപാട് സോറി പറഞ്ഞുകൊണ്ട് പലതവണ സന്ദേശമയച്ചു. പൈൽസിന്റെ അസുഖമാണ്. സർജറി വേണ്ടിവരുമെന്നും, ഞാൻ തിരികെ ജോലിയിൽ പ്രവേശിക്കണം എന്നും പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞതോടെ, ബ്ളഡിൽ കുതിർന്ന അണ്ടർ വെയർ കാണിച്ചിട്ട് നീ വന്നില്ലെങ്കിൽ ആശുപത്രിയിൽ പോകില്ല എന്നായി.

എന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. തുടർന്ന് കരഞ്ഞ് കാലുപിടിച്ചതോടെ വീണ്ടും ഞാൻ പോയി തുടങ്ങി. പിന്നീട് കുറച്ചു നാളത്തേക്ക് പ്രശ്നമൊന്നുമുണ്ടായില്ല. രണ്ട് ആൺ സുഹൃത്തുക്കളുമായി ഡ്യൂട്ടിക്ക് ശേഷം ഞാൻ ബീച്ചിലൊക്കെ ഇടയ‌്ക്ക് പോകുമായിരുന്നു. അവർ ഇടയ‌്ക്ക് വീട്ടിലൊക്കെ വരികയും ചെയ്‌തിരുന്നു. അത് പുള്ളിക്ക് ഇഷ്‌ടമായില്ല. ഞാൻ ചോദിച്ചാൽ മാത്രമാണ് നിനക്ക് പ്രശ്നമല്ലേ എന്നൊക്കെ പറഞ്ഞ് വളരെ മോശമായി സംസാരിച്ചു. ''

കേസിൽ റിമാൻഡിൽ കഴിയുന്ന ദേവദാസ്, ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.