ദുൽഖർ -നഹാസ് ഹിദായത്ത് ചിത്രം ഹൈദരാബാദിൽ
ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് 1ന് ഹൈദരാബാദിൽ ആരംഭിക്കും. 25 ദിവസത്തെ ചിത്രീകരണമാണ് ഹൈദാരബാദിൽ പ്ലാൻ ചെയ്യുന്നത്. തുടർന്ന് തിരുവന്തപുരത്തേക്ക് ഷിഫ്ട് ചെയ്യും. കൊച്ചിയിലും ചിത്രീകരണമുണ്ട്. തിരുവനന്തപുരത്തെ ഷെഡ്യൂളിൽ ദുൽഖർ സൽമാൻ ഉണ്ടാകില്ല. ആന്റണി വർഗീസ്, വിനയ് ഫോർട്ട് എന്നിവരാണ് ഈ ഷെഡ്യൂളിൽ. കൊച്ചി ഷെഡ്യൂളിൽ ദുൽഖറുണ്ട്.
തമിഴ് നടൻ എസ്. ജെ സൂര്യ ഡേറ്റ് ക്ളാഷിനെ തുടർന്ന് പിൻമാറി എന്നാണ് വിവരം. പകരം സംവിധായകനും നടനുമായ മിഷ്കിനെ പരിഗണിക്കുന്നു എന്നാണ് വിവരം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ദുൽഖർ സൽമാൻ - നഹാസ് ഹിദായത്ത് ചിത്രത്തിൽ പ്രിയങ്ക മോഹനാണ് നായിക. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. അൻപറിവ്, ചേതൻ ഡിസൂസ എന്നിവരാണ് ആക്ഷൻ കൊറിയോഗ്രാഫേഴ്സ്, ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു.
എഡിറ്റർ ചമൻ ചാക്കോ. കിംഗ് ഒഫ് കൊത്തക്കുശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ്.
ആർ.ഡി.എക്സ് എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. അതേസമയം ദുൽഖർ സൽമാൻ നായകനായി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ആകാശം ലോകെ താര എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു. നഹാസ് ഹിദായത്ത് ചിത്രത്തിനുശേഷം സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖർ സൽമാനെ കാത്തിരിക്കുന്നത്.