ലോട്ടറിക്ക് സേവന നികുതി പാടില്ല: സുപ്രീംകോടതി
ന്യൂഡൽഹി: ലോട്ടറി വ്യവസായികളിൽ നിന്ന് സേവന നികുതി ഈടാക്കാൻ കേന്ദ്രസർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ലോട്ടറി വ്യാപാരം നികുതി ഏർപ്പെടുത്തേണ്ട സേവനമാണെന്ന് 2010ൽ ഫൈനാൻസ് നിയമത്തിൽ കേന്ദ്രം ഭേദഗതി കൊണ്ടുവന്നത് സിക്കിം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ നടപടി ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചു. കേന്ദ്രസർക്കാരിന്റെ അപ്പീൽ തള്ളി. ലോട്ടറി വിൽപ്പന ചൂതാട്ടവും വാതുവയ്പ്പും പോലെയാണ്. ഭരണഘടനയിലെ സ്റ്റേറ്റ് ലിസ്റ്റിലാണ് വാതുവയ്പ്പ്, ചൂതാട്ടം തുടങ്ങിയവ വരുന്നത്. അതിനാൽ കേന്ദ്രത്തിന് ലോട്ടറി വ്യവസായികളിൽ നിന്ന് സേവന നികുതി ഈടാക്കാൻ കഴിയില്ല.
കേന്ദ്ര നടപടിക്കെതിരെ സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിംമിംഗും സിക്കിമിലെ പേപ്പർ - ഓൺലൈൻ ലോട്ടറി വ്യാപാരികളും സിക്കിം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഫൈനാൻസ് നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് സിക്കിം ഹൈക്കോടതി കണ്ടെത്തുകയും വ്യവസ്ഥ റദ്ദാക്കുകയും ചെയ്തു.തുടർന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
സേവന നികുതി ബാധകമാണെന്ന കേരള ഹൈക്കോടതി വിധിയും സുപ്രീം കോടതിയുടെ ഇതേ ബെഞ്ച് നേരത്തേ റദ്ദാക്കിയിരുന്നു.