ബാറിലെ അക്രമം; പ്രതി റിമാൻഡിൽ

Wednesday 12 February 2025 7:51 AM IST

ചേർത്തല:അർത്തുങ്കൽ അറവുകാട് ബാറിൽ അക്രമണം നടത്തിയ കേസിൽ പിടിയിലായ പ്രധാന പ്രതിയെ റിമാൻഡ് ചെയ്തു.കടക്കരപ്പള്ളി വട്ടക്കര ഒറാഞ്ചിപറമ്പ് ഒ.വി.വിഷ്ണുവിനെയാണ് (32) ചേർത്തല കോടതി രണ്ട് മജിസ്ട്രേറ്റ് പി.ആമിനകുട്ടി റിമാൻഡ് ചെയ്തത്.സംഘത്തിലെ മൂന്നുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചു.അർത്തുങ്കൽ അറവുകാട് ചള്ളിയിൽ കാസിൽസിലാണ് ഞായറാഴ്ച രാത്രി ബൈക്കുകളിലെത്തിയ നാലംഗ സംഘം അക്രമണം നടത്തിയത്. നടുറോഡിൽ വടിവാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് മദ്യ ശാലയിലെത്തിയവർക്ക് നേരെയും വടിവാൾ വീശി ഓടിച്ചതിന് ശേഷമാണ് ബാറിൽ കയറി അക്രമണം നടത്തിയത്. ബാർ കൗണ്ടറും മദ്യം വിളമ്പുന്ന മേശകളും വാളു കൊണ്ടും ആയുധം കൊണ്ടും തകർത്തു.കൗണ്ടറിൽ നിന്ന് വിലകൂടിയ മദ്യവും അപഹരിച്ചാണ് സംഘം മടങ്ങിയത്.വിഷ്ണുവിനെ അന്ന് രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. ചേർത്തല എ.എസ്.പി ഹരീഷ് ജയിന്റെയും അർത്തുങ്കൽ സ്റ്റേഷൻ ഓഫിസർ പി.ജി.മധുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.