തടികുറയ്‌ക്കാൻ രണ്ട് മാസം ചെറുനാരങ്ങയും തേനും കഴിച്ചു; ഇതാണ് സംഭവിച്ചത്

Wednesday 12 February 2025 3:23 PM IST

അമിതമായ ഭക്ഷണവും വ്യായാമമില്ലായ്മയുമൊക്കെ കൊണ്ട് ശരീരഭാരം കൂടുന്ന നിരവധി പേരുണ്ട്. മെലിഞ്ഞ ശരീര പ്രകൃതി ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ പേരും. വലിയ കഷ്ടപ്പാടൊന്നുമില്ലാതെ, വളരെപ്പെട്ടെന്ന് തടി കുറയ്ക്കാനുള്ള കുറുക്കുവഴികൾ സോഷ്യൽ മീഡിയയിൽ പരതുന്നവരും ഏറെയാണ്.

യൂട്യൂബ് വീഡിയോകളിലും മറ്റും പറയുന്നത് വിശ്വസിച്ച്, 'ഇൻസ്റ്റന്റായി' തടി കുറയ്ക്കാൻ പല വിദ്യകളും പയറ്റുന്നവരുണ്ട്. അത്തരത്തിലൊന്നാണ് ചെറുനാരങ്ങയും തേനും ഉപയോഗിച്ച് തടി കുറയ്ക്കാമെന്ന പ്രചാരണം. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്കെ.

'രണ്ട് മാസം വെറുംവയറ്റിൽ ചെറുനാരങ്ങ ജ്യൂസും തേനും കഴിച്ചാൽ രണ്ട് കിലോ കുറയുമെന്നാണ് ഞാൻ കേട്ടത്. രണ്ട് മാസത്തിന് ശേഷം എനിക്ക് രണ്ട് കിലോ നാരങ്ങയും മൂന്ന് കിലോ തേനും നഷ്ടമായി'- എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഇതേ അബദ്ധം തങ്ങൾക്കും പറ്റിയിട്ടുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു. കുറുക്കുവഴികൾ തേടാതെ ചിട്ടയായ ഭക്ഷണവും വ്യായാമവുമൊക്കെ ശീലമാക്കിയാൽ തന്നെ തടി ഒരു പരിധി വരെ കുറയ്ക്കാം. ജങ്ക് ഫുഡും അമിതമായ അളവിൽ പഞ്ചസാര ഉപയോഗിക്കുന്നതും ഒഴിവാക്കുക.