അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി അന്തരിച്ചു

Thursday 13 February 2025 4:18 AM IST

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് (85) അന്തരിച്ചു. ഇന്നലെ പുലർച്ചെ ലക്നൗവിലെ എസ്.ജി.പി.ജി.ഐ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. 21-ാം വയസിൽ നിർവാണി അഘാഡയിൽ ചേർന്ന് സന്യാസം സ്വീകരിച്ച അദ്ദേഹം 1992ൽ അയോദ്ധ്യ ക്ഷേത്രത്തിന്റെ മുഖ്യപൂജാരി സ്ഥാനം ഏറ്റെടുത്തു. ജനുവരി 11ന് അയോദ്ധ്യ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഒന്നാം വാർഷിക ആഘോഷത്തിലും ആചാര്യ സത്യേന്ദ്ര ദാസ് പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.

അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും പറഞ്ഞു.

അത്യന്തം ദുഃഖകരമാണെന്നും നികത്താനാവാത്ത നഷ്ടമാണെന്നും ആദിത്യനാഥ് പ്രതികരിച്ചു. നിരവധി പ്രമുഖർ അനുശോചിച്ചു.