2.23 കോടി ഓൺലൈൻ നിക്ഷേപ തട്ടിപ്പ്: സംഘാംഗം അറസ്റ്റിൽ

Wednesday 12 February 2025 11:03 PM IST

കാസർകോട്: കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പു കേസുകളിൽ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ പയ്യന്നൂർ കവ്വായി സ്വദേശി എ.ടി.മുഹമ്മദ് നൗഷാദിനെ (45 ) കാസർകോട് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. .

കാസർകോട് സ്വദേശിയായ ഡോക്ടറിൽ നിന്ന് 2024 മേയ്17 മുതൽ ജൂൺ നാല് വരെയായി 2,23,94993 രൂപ തട്ടിയ കേസിലാണ് ഈയാളെ കസ്റ്റഡിയിലെടുത്തത്. ടെലിഗ്രാം വഴിയും ഫോൺ കാളിലൂടെയും ബന്ധപ്പെട്ട് ഹോം ബേസ്ഡ് പാർട്ട് ടൈം ജോലി വാഗ്ദാനം

ചെയ്തായിയിരുന്നു ഈയാൾ അടക്കമുള്ള സംഘം വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത്.കേരളത്തിൽ നിരവധി തട്ടിപ്പ് കേസുകളിൽ ഈയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ടെലിഗ്രാം വഴി ഓൺലൈൻ ട്രേഡിംഗിലുടെ അമിത ലാഭം വാഗ്ദാനം ചെയ്താണ് ഇയാൾ ഇരകളെ വീഴ്ത്തിയിരുന്നത്.

കാസർകോട് സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ഇന്നലെ ഉച്ചയ്ക്ക് ഉദുമ മാങ്ങാട് വച്ചാണ് പിടികൂടിയത്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.ഉത്തംദാസിന്റെ മേൽനോട്ടത്തിൽ ഈയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

നിരവധി

കേസുകൾ

2024ൽ മുംബൈ പോലീസ് ചമഞ്ഞ് വീഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എറണാകുളം ഇൻഫോപാർക്ക് പൊലീസ് അന്വേഷിക്കുന്ന മറ്റൊരു കേസിലും മുഹമ്മദ് നൗഷാദ് പ്രതിയാണെന്ന് കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.

പയ്യന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത സമാനമായ മറ്റൊരു കേസിൽ ഈയാളെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ പെരിങ്ങോം പൊലീസ് സ്റ്റേഷൻ, കുമ്പള പൊലീസ് സ്റ്റേഷനുകളിലായി പണം തട്ടിപ്പ് കേസുകളിലും പ്രതിയായ ഇയാൾ മറ്റു രാജ്യങ്ങൾ കേന്ദ്രീകരിച്ചും ഓൺലൈൻ തട്ടിപ്പ് നടത്തിയിട്ടുണ്ട്...