ഹിന്ദു ആചാരപ്രകാരം ഒരു 'വിദേശ കല്യാണം'

Thursday 13 February 2025 1:16 AM IST

വിഴിഞ്ഞം: ക്ഷണക്കത്തടിച്ച് നാട്ടുകാരെ ക്ഷണിച്ച് ഹിന്ദു ആചാരപ്രകാരം ഒരു വിദേശ കല്യാണം.വിഴിഞ്ഞം തെരുവ് പിറവിളാകം ക്ഷേത്ര സന്നിധിയിലെ കതിർമണ്ഡപത്തിൽ കൊട്ടും കുഴൽവിളികളും മുറുകിയപ്പോൾ അമേരിക്കക്കാരൻ ഡൊമിനിക് കാമില്ലോ വോളിനി (40), ഡെൻമാർക്കുകാരി കാമില ലൂയിസ് ബെൽ മദാനിയുടെ (30) കഴുത്തിൽ താലി ചാർത്തി.

ഇന്നലെ രാവിലെ 10നും 10.25നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലായിരുന്നു വിവാഹം.സ്വർണക്കസവുള്ള മുണ്ടും ഷർട്ടും ധരിച്ച് വരനും ചുവപ്പിൽ നീലക്കസവുള്ള പട്ടുസാരി ധരിച്ച് വധുവുമെത്തി. ഡൊമിനിക്കിനെ കാമിലയുടെ മാതാപിതാക്കളായ ആൻ ബെറ്റിന പിൽ ഗാർഡ് ബെൽ മദാനിയും ഡാരൻ ഗോർദൻ ബ്രൂക്സും ആചാരപ്രകാരം ബൊക്കെയും ഹാരവുമണിയിച്ച് സ്വീകരിച്ചു. വധുവിന്റെ കൈപിടിച്ച് പിതാവ് വരനെ ഏല്പിച്ചു. ക്ഷണം സ്വീകരിച്ചെത്തിയ സുഹൃത്തുക്കളും നാട്ടുകാരും നവദമ്പതികൾക്ക് മംഗളം നേർന്നു. കതിർമണ്ഡപത്തെ മൂന്നുവട്ടം വലം വച്ചതോടെ കാമിലി ഡൊമിനിക്കിന് സ്വന്തമായി. വിവാഹശേഷം സദ്യയും ഒരുക്കിയിരുന്നു. കേരളീയ സംസ്കാരത്തെ അറിയാനും അതിൽ പങ്കാളികളാകാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.

കളരിയിലൂടെ പ്രണയസാഫല്യം

രണ്ടര വർഷമായി കോവളത്ത് കളരി അഭ്യസിക്കുകയാണ് ഇരുവരും. അങ്ങനെയാണ് പ്രണയത്തിലാവുന്നത്. കേരളീയ സംസ്കാരത്തെക്കുറിച്ച് പഠിക്കാനെത്തിയ വരന് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കാൻ ആഗ്രഹം തോന്നി. ഒന്നര വർഷമായി പല കാരണങ്ങളാൽ വിവാഹം നീണ്ടു. ഒടുവിൽ പിറവിളാകം ക്ഷേത്ര ഭാരവാഹികളെ സന്ദർശിച്ചു. ഇവരുടെ നിർദ്ദേശപ്രകാരം കല്യാണക്കത്ത് പ്രിന്റ് ചെയ്ത് വേണ്ടപ്പെട്ടവരെ ക്ഷണിക്കുകയായിരുന്നു.