പുലർച്ചെ എടിഎമ്മിൽ കവർച്ചാശ്രമം, പൊലീസിനെ ഭീഷണിപ്പെടുത്തി; യുവാവ് പിടിയിൽ

Thursday 13 February 2025 10:00 AM IST

കോഴിക്കോട്: എടിഎം കവർച്ചാശ്രമത്തിനിടെ ഒരാൾ പിടിയിൽ. കോഴിക്കോട് പറമ്പിൽ കടവിൽ പുലർച്ചെയാണ് സംഭവം. മലപ്പുറം സ്വദേശി വിജേഷാണ് (38) ചേവായൂർ പൊലീസിന്റെ പിടിയിലായത്.

ഇന്ന് പുലർച്ചെ 2.30ഓടെ പൊലീസ് പട്രോളിംഗിനിടെയാണ് സംഭവം. പറമ്പിൽ കടവിലെ ധനകാര്യ സ്ഥാപനത്തിന്റെ എടിഎമ്മിന്റെ ഷട്ടർ താഴ്‌ത്തിയ നിലയിലായിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉള്ളിൽ വെളിച്ചവും ആളനക്കവും കണ്ടു. എടിഎമ്മിന് പുറത്തായി ഗ്യാസ് കട്ടർ കൂടി കണ്ടതോടെ പൊലീസ് പരിശോധിക്കുകയായിരുന്നു. ഇതിനിടെ അകത്തുണ്ടായിരുന്ന യുവാവ് ഭീഷണിപ്പെടുത്തി. പിന്നീട് പൊലീസ് സംഘം ബലംപ്രയോഗിച്ച് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സീനിയർ പൊലീസ് ഓഫീസർ എം മുക്തിദാസ്, സിപിഒ എ അനീഷ്, ഡ്രൈവർ എം സിദ്ദിഖ് എന്നിവർ ചേർന്നാണ് യുവാവിനെ പിടികൂടിയത്. പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.