ഫ്രാൻസ് പിനാക വാങ്ങുമ്പോൾ

Friday 14 February 2025 3:24 AM IST

ലോകത്തെ ഏറ്റവും വലിയ കച്ചവടങ്ങളിലൊന്നാണ് ആയുധ വ്യാപാരം. രാജ്യങ്ങൾ തമ്മിലാണ് ഇടപാട് നടക്കുന്നതെങ്കിലും വിദേശ രാജ്യങ്ങളിലെ സ്വകാര്യ കമ്പനികളാണ് ആയുധങ്ങൾ നിർമ്മിക്കുന്നത്. സർക്കാർ കമ്പനികൾ നിർമ്മിക്കുന്ന ആയുധങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ കമ്മിഷനും അഴിമതിയും നടക്കുന്ന മേഖല കൂടിയാണിത്. എത്ര അന്വേഷണം നടത്തിയാലും യഥാർത്ഥ പ്രതികളുടെ ഏഴയലത്തുപോലും ചെല്ലാൻ കഴിയില്ലെന്നതാണ് ഇതുവരെയുള്ള അനുഭവം. അഷ്ടിക്കു വകയില്ലാത്ത രാജ്യങ്ങൾ വരെ ആയുധങ്ങൾ വാങ്ങിക്കൂട്ടും. ആയുധങ്ങൾ നൽകുമെങ്കിലും അതിന്റെ നിർമ്മാണത്തിന് ഉപയുക്തമാക്കിയ ടെക്നോളജി ഒരു രാജ്യവും കൈമാറില്ല. അങ്ങനെ കൈമാറിയാൽ ഇറക്കുമതി ചെയ്യുന്ന രാജ്യം അതുപയോഗിച്ച് ആയുധങ്ങൾ സ്വന്തം നിലയിൽ നിർമ്മിക്കുമോ എന്ന ആശങ്കയാലാണ് ടെക്നോളജി കൈമാറാത്തത്.

അഞ്ചു വർഷം മുമ്പ് വരെ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാൽ ആയുധങ്ങൾ കയറ്റി അയയ്ക്കുന്ന പ്രധാനപ്പെട്ട 25 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ബ്രഹ്മോസ് മിസൈൽ, പിനാക റോക്കറ്റ് സംവിധാനം, ഡോർനിയർ എയർക്രാഫ്‌റ്റ് തുടങ്ങിയവയ്ക്കാണ് മുന്തിയ ഡിമാന്റുള്ളത്. എന്നാൽ ഒന്നാംനിര വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്ന യുദ്ധസാമഗ്രികളോട് അധികം താത്‌പര്യം കാട്ടിയിരുന്നില്ല. ആ ചരിത്രം തിരുത്തിയെഴുതുകയാണ് പ്രധാനമന്ത്രി മോദിയുടെ ഫ്രാൻസ് സന്ദർശനം. അത്യാധുനിക ആയുധങ്ങൾ ലോക രാജ്യങ്ങൾക്ക് വിൽക്കുന്ന ഫ്രാൻസ്,​ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മൾട്ടിബാരൽ പിനാക റോക്കറ്റ് ലോഞ്ചർ വാങ്ങാൻ കരാറിലേർപ്പെടുമെന്നതാണത്. ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണ് ഫ്രാൻസ്. നമ്മളിൽ നിന്ന് അവർ ആയുധങ്ങൾ വാങ്ങാൻ ഒരുങ്ങുന്നത് ആദ്യമായാണ്.

മൂന്നുമാസം മുമ്പ് ഫ്രഞ്ച് പ്രതിനിധിസംഘം നാഗ്‌പൂർ ഫാക്ടറിയിലെത്തി പിനാകയുടെ പ്രവർത്തനം വിലയിരുത്തിയിരുന്നു. ഡി.ആർ.ഡി.ഒ ആണ് പിനാക വികസിപ്പിച്ചത്. കുറഞ്ഞ വിലയും കുറ്റമറ്റതും കൃത്യവുമായ പ്രഹരശേഷിയുമാണ് പിനാകയുടെ പ്രത്യേകത. ഒരു റെജിമെന്റിന് 430 കോടി രൂപയാണ് വില. ഇസ്രയേലിന്റെ പൾസ് റോക്കറ്റ് സംവിധാനമാണ് ഫ്രാൻസ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും ഗാസ യുദ്ധത്തോടെ തീരുമാനം മാറ്റുകയായിരുന്നു. ഫ്രാൻസിനു പുറമെ ഇന്തോനേഷ്യ, അർമീനിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും പിനാക വാങ്ങാൻ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 44 സെക്കന്റിൽ 12 മിസൈലുകൾ തൊടുക്കാൻ പിനാക സംവിധാനത്തിന് ശേഷിയുണ്ട്. പരിഷ്കരിച്ച പിനാക റോക്കറ്റ് സംവിധാനമുപയോഗിച്ച് 75 കിലോമീറ്റർ അകലെയുള്ള ശത്രുകേന്ദ്രത്തിലേക്ക് മിസൈൽ പായിക്കാനാകും. ഇന്ത്യയുടെ പിനാക ലോഞ്ചർ ഫ്രഞ്ച് സേനയുടെ ഭാഗമാകുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചിട്ടുണ്ട്.

മിസൈലുകൾ, അന്തർവാഹിനികൾ, ഹെലികോപ്‌ടർ, ജെറ്റ് എൻജിനുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിൽ ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്. പ്രതിരോധം, സിവിൽ, ആണവോർജ്ജം, ബഹിരാകാശം, നിർമ്മിതബുദ്ധി തുടങ്ങിയ മേഖലകളിൽ തന്ത്രപരമായ സഹകരണം തുടരാൻ ഇരു നേതാക്കളും പാരീസിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമാവുകയും ചെയ്തു. മാക്രോണിനെ ഇന്ത്യ സന്ദർശിക്കാനായും മോദി ക്ഷണിച്ചിട്ടുണ്ട്.

ഫ്രാൻസ് ഇന്ത്യയിൽ നിന്ന് ആയുധം വാങ്ങുന്നതോടെ അന്താരാഷ്ട്ര ആയുധ മാർക്കറ്റിൽ ഇന്ത്യൻ ആയുധങ്ങളുടെ ഡിമാന്റ് കുതിച്ചുയരാനാണ് സാദ്ധ്യത. ഇപ്പോൾത്തന്നെ ഇന്ത്യ നൂറിലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ സാമഗ്രികൾ കയറ്റുമതി ചെയ്യുന്നുണ്ട്. 2029- ഓടെ പ്രതിരോധ കയറ്റുമതിയിലൂടെ 50,000 കോടി വരുമാനമാണ് ലക്ഷ്യമിടുന്നത്.