ഒടുവിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം
Friday 14 February 2025 4:17 AM IST
ന്യൂഡൽഹി: ഭരണഘടനാ പ്രതിസന്ധി മറി കടക്കാൻ മണിപ്പൂരിൽ ഒടുവിൽ രാഷ്ട്രപതി ഭരണം. നിയമസഭ മരവിപ്പിച്ചു. ഗവർണർ അജയ് കുമാർ ഭല്ല സമർപ്പിച്ച റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിക്കുകയായിരുന്നു. പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രി പദം രാജി വച്ച് അഞ്ചാം ദിവസമാണ് നടപടി.
ഇടഞ്ഞുനിൽക്കുന്ന എം.എൽ.എമാരെ അനുനയിപ്പിക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല. രാഷ്ട്രപതി ഭരണം കൊണ്ട് തത്കാലത്തേക്കെങ്കിലും പ്രതിസന്ധി മറികടക്കാനാണ് ശ്രമം. മൂന്നു മാസത്തിനുള്ളിൽ മന്ത്രിസഭ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
മണിപ്പൂരിനെ രാഷ്ട്രീയ അസ്ഥിരത, സാമുദായിക സംഘർഷങ്ങൾ, ഭരണപ്രതിസന്ധി എന്നിവ വലിഞ്ഞുമുറുക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.