ദലൈലാമയ്‌ക്ക് ഇസെഡ് കാറ്റഗറി സുരക്ഷ
ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസഡ്-കാറ്റഗറി സുരക്ഷ അനുവദിച്ചു. ഭീഷണിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുപ്രകാരം സി.ആർ.പി.എഫ് ദലൈലാമയുടെ ആസ്ഥാനമായ ധർമ്മശാലയിലും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സന്ദർശനങ്ങളിലും 24 മണിക്കൂറും സംരക്ഷണം നൽകും. നിലവിൽ, ഹിമാചൽ പൊലീസാണ് ദലൈലാമയ്‌ക്ക് സുരക്ഷയൊരുക്കുന്നത്. 2020ൽ, ദലൈലാമയെയും സഹായികളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ കൈക്കൂലി നൽകിയ കേസിൽ ചൈനീസ് ചാരൻ ചാർളി പെംഗ് പിടിയിലായിരുന്നു. പിന്നാലെ ഹിമാചൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു.
സംബിത് പാത്രയ്‌ക്കും
മണിപ്പൂരിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ വക്താവും പുരിയിൽ നിന്നുള്ള ലോക്‌സഭാ എം.പിയുമായ സംബിത് പാത്രയ്‌ക്കും ഇസെഡ് കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനം. മണിപ്പൂരിൽ ബിരേൻ സിംഗിന്റെ രാജിയെ തുടർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾക്ക് മുൻകൈയെടുക്കുന്നത് സംബിത് പാത്രയാണ്. മണിപ്പൂരിലെ വംശീയ സംഘർഷങ്ങളുടെ പശ‌്ചാത്തലത്തിലാണ് സുരക്ഷ വർദ്ധിപ്പിക്കുന്നത്.