വിശ്വാസിയെന്ന് പറയുന്നതിൽ മടിയില്ല: ജസ്റ്രി. ചന്ദ്രചൂഡ്
അയോദ്ധ്യ കേസ് സമയത്ത് ദേവന് മുന്നിൽ പ്രാർത്ഥിച്ചെന്ന വിവാദത്തിൽ മറുപടി
ന്യൂഡൽഹി: താൻ വിശ്വാസിയാണെന്ന് തുറന്നുപറയുന്നതിൽ ഒരു മടിയുമില്ലെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, അയോദ്ധ്യ രാമജന്മഭൂമി തർക്ക കേസ് സമയത്ത് ദേവന് മുന്നിൽ പ്രാർത്ഥിച്ചെന്ന വിവാദത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. താൻ വിശ്വാസിയാണ്. ജഡ്‌ജിയായിരിക്കാൻ നിരീശ്വരവാദിയായിരിക്കണമെന്ന് ഭരണഘടന നിഷ്‌കർഷിക്കുന്നില്ല. കോടതിയെ സമീപിക്കുന്നത് ആരാണെന്നല്ല നോക്കുന്നത്. തുല്യനീതിയാണ് സുപ്രീംകോടതി ജഡ്‌ജിമാർ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗണേശപൂജയ്‌ക്കായി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെത്തിയത് സംബന്ധിച്ച ചോദ്യത്തിന്, അത്തരം സന്ദർശനങ്ങളും കേസ് തീർപ്പാക്കലും തമ്മിൽ ബന്ധമില്ലെന്ന് മറുപടി. പാർലമെന്റിൽ പ്രതിപക്ഷമെന്നത് പോലെയല്ല, ജനാധിപത്യത്തിൽ ജുഡിഷ്യറിയുടെ പങ്കെന്നും കൂട്ടിച്ചേർത്തു.