പാറശാല ലാ കോളേജിൽ ജൂനിയർ വിദ്യാർത്ഥിക്ക് മർദ്ദനം
ഉദിയൻകുളങ്ങര: പാറശാല ലാ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന് പരാതി.സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പാറശാല പൊലീസിന്റെ കസ്റ്റഡിയിലായതായി സൂചന.
ചെറുവാരക്കുളത്ത് പ്രവർത്തിക്കുന്ന സി.എസ്.ഐ മാനേജ്മെന്റിന് കീഴിലെ ലാ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും വെഞ്ഞാറമൂട് സ്വദേശിയുമായ അഭിറാമിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.അഭിറാം താമസിക്കുന്ന സ്ഥലത്തെത്തിയ കോളേജിലെ നാലംഗ സീനിയർ വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അഭിരാമിനെ നാലംഗ സംഘം മൃഗീയമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പാറശാല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.മുതുകിൽ ഗുരുതരമായി പരിക്കേറ്റ അഭിറാമിന്റെ മുൻവശത്തെ പല്ലിന് പൊട്ടലുണ്ട്. അഭിറാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സീനിയർ വിദ്യാർത്ഥികളായ അഖിൽ,ശ്രീജിത്ത്,ബിജിൽ,ബെനോ എന്നിവർക്കെതിരെ പാറശാല പൊലീസ് കേസെടുത്തു.
ഏതാനും മാസങ്ങൾക്ക് മുൻപ് അഭിറാമിന്റെ സഹപാഠി റാഗിംഗിന് ഇരയായിരുന്നു. ഇതുസംബന്ധിച്ച പരാതി നൽകാൻ അഭിറാം മുന്നിട്ടുനിന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയം.