ആംബുലൻസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗസംഘം പിടിയിൽ
തിരുവനന്തപുരം: ആംബുലൻസ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി മുക്കിക്കൊല്ലാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി.ശ്രീകാര്യം കല്ലമ്പള്ളി കരിമ്പൂക്കോണം മേലാങ്കോണം പുതുവൽ പുത്തൻവീട്ടിൽ എബി (32), സഹോദരൻ സിബി (31), നാലാഞ്ചിറ തട്ടിനകം കിഴക്കേവിള വീട്ടിൽ ശിവപ്രസാദ് (31) എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി 2നാണ് സംഭവമുണ്ടായത്.കന്യാകുളങ്ങര ഇടവിളാകം ബൈത്തുൽ ഫിർദൗസിൽ നുജുമുദ്ദീന്റെ മകൻ മഹബൂബാണ് (23) ആക്രമണത്തിരയായത്.മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തുനിന്നു പ്രതികൾ ചേർന്ന് മഹബൂബിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകുകയും ശ്രീകാര്യത്ത് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സ്മാർട്ട്‌ഫോണും പേഴ്സും അപഹരിച്ചതിന് ശേഷം ക്രൂരമായി മർദ്ദിച്ച് തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു.മർദ്ദനത്തിനിടയിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മെഹബൂബ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീകാര്യം പൊലീസിന്റെ സഹായത്തോടെ മെഡിക്കൽ കോളേജ് പൊലീസ് പ്രതികളെകസ്റ്റഡിയിലെടുക്കുകയായിരുന്നു. ബി.ജെ.പി പ്രവർത്തകനായിരുന്ന രാജേഷിനെ വർഷങ്ങൾക്ക് മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് എബിയും സിബിയും.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.