സിറ്റുവേഷൻഷിപ്പ് അല്ല സിമ്മർ ഡേറ്റിംഗിലാണ് ഞങ്ങൾ; ആണത്തമുള്ള പെണ്ണിനെയാണിഷ്ടമെന്ന് ജിഷിൻ

Friday 14 February 2025 1:37 PM IST

തങ്ങൾ ഡേറ്റിംഗിലാണെന്ന് സമ്മതിച്ച് താരങ്ങളായ ജിഷിനും അമേയയും. ഒരു യൂട്യൂബ് ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഇരുവരും പ്രണയത്തിലാണെന്ന രീതിയിൽ മുമ്പ് വാർത്തകൾ വന്നിരുന്നെങ്കിലും അന്നൊന്നും താരങ്ങൾ വ്യക്തമായ മറുപടി നൽകിയിരുന്നില്ല.


'ഞങ്ങളോട് അന്ന് സിറ്റുവേഷൻഷിപ്പിലാണോയെന്ന് ചോദിച്ചു. ഇതിന്റെ അർത്ഥം ഞങ്ങൾക്കറിയില്ല. പലരും അഭിമുഖങ്ങളുടെ അടിയിലൊക്കെ സിറ്റു‌വേഷൻഷിപ്പാണെന്ന് കമന്റ് ചെയ്‌തു. ഞാനും വിചാരിച്ചു അങ്ങനെയാണെന്ന്. അല്ല. കാരണം ഞാൻ സിറ്റുവേഷൻഷിപ്പിന്റെ ഡീറ്റെയിൽ എടുത്തുനോക്കി. ഡേറ്റിംഗിന്റെ ന്യൂ ട്രെൻഡ് നോക്കി. സിമ്മർ ഡേറ്റിംഗിലാണ് ഞങ്ങൾ. പരസ്പരം നന്നായി മനസിലാക്കിയ ശേഷം മാത്രം റിലേഷൻഷിപ്പിലേക്ക് കടക്കുകയെന്നതാണിത്. എല്ലാ കാര്യത്തിലും കൂടെ നിൽക്കുക. ഫ്രണ്ട്സ് ഫോർ ബെനഫിറ്റ് അല്ല.'- അമേയ വ്യക്തമാക്കി.

പങ്കാളിയെക്കുറിച്ചുള്ള സങ്കൽപങ്ങളും ഇരുവരും തുറന്നുപറഞ്ഞു. 'പതിനെട്ട് വയസിലുള്ള സങ്കൽപം ഇരുപത്തിയഞ്ചാകുമ്പോഴേക്ക് മാറും. എനിക്ക് എന്നേക്കാൾ ഹൈറ്റുള്ള ആളായിരിക്കണമെന്ന് പണ്ട് ആഗ്രഹമുണ്ടായിരുന്നു. പിന്നെ അന്നും ഇന്നും ആഗ്രഹമുള്ളത് പൗരുഷമുള്ള ആളായിരിക്കണമെന്നതാണ്. ആണുങ്ങൾ മുടി വളർത്തുന്നതും മൂക്കുത്തിയിടുന്നതൊന്നും അന്ന് എനിക്ക് താത്പര്യമില്ല. പിന്നെ ഇതിലൊന്നും കാര്യമില്ലെന്ന് മനസിലായി. ഭയങ്കര ക്യൂട്ടായ ആളെ അന്നും ഇന്നും താത്പര്യമില്ല. എനിക്ക് കുറച്ചൊരു ഡൊമിനൻസിയുള്ള ആളെയാണ് ഇഷ്ടം. കുറച്ചൊരു ആണത്തം ഫീൽ ചെയ്യുന്നയാളെ.'- അമേയ വ്യക്തമാക്കി.

ആണത്തമുള്ള പെണ്ണിനെയാണ് തനിക്കും ഇഷ്ടമെന്ന് ജിഷിൻ പറയുന്നു. മോഡേണായ പെൺകുട്ടികളെയാണ് താത്പര്യം. ബൈക്ക് ഓടിക്കുന്ന പെൺകുട്ടികളോട് ഭയങ്കര ഇഷ്ടവും ബഹുമാനവുമാണ്. അമേയ ഏകദേശം അങ്ങനെയാണെന്ന് നടൻ കൂട്ടിച്ചേർത്തു.