ഫെഡറൽ ബാങ്ക് ശാഖയിൽ ജീവനക്കാരെ ബന്ദികളാക്കി മോഷണം, 15 ലക്ഷം കവർന്നതായി സൂചന

Friday 14 February 2025 4:02 PM IST

തൃശൂർ: ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ ജീവനക്കാരെ ബന്ദികളാക്കി മോഷണം. ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിലാണ് നാടിനെ നടുക്കിയ സംഭവം. മോഷണ സമയത്ത് മാനേജറും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. മറ്റുള്ളവർ ഭക്ഷണം കഴിക്കാൻ പോയിരുന്നു. മോഷ്‌ടാവിന്റെ കൈയിൽ ആയുധമുണ്ടായിരുന്നു. ഇന്ന് ഉച്ചയ‌്ക്കാണ് മോഷണം നടന്നത്. വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. കവർച്ചയുടെ ആഴം വ്യക്തമായിട്ടില്ലെങ്കിലും 15 ലക്ഷം കവർന്നതായാണ് പ്രാഥമിക വിവരം. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം കവർന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ക്യാഷ് കൗണ്ടറിന്റെ ചില്ല് കസേര ഉപയോഗിച്ച് തകർത്താണ് മോഷണം നടത്തിയത്.

ഇരുചക്രവാഹനത്തിൽ എത്തിയ ആളാണ് മോഷ‌ണം നടത്തിയത്. ഇയാൾ ബാങ്കിലേക്ക് വരുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മാസ്‌കും ജാക്കറ്റും ഹെൽമറ്റും ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്.