ചാലക്കുടി ബാങ്ക് കൊള്ള; പ്രതി എറണാകുളത്തേക്ക് കടന്നെന്ന് നിഗമനം,​ അങ്കമാലിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

Friday 14 February 2025 9:56 PM IST

കൊച്ചി : ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന കവർച്ചകേസിലെ പ്രതിക്കായി അന്വേഷണം എറണാകുളം ജില്ലയിലേക്ക്. മോഷ്ടാവ് എറണാകുളം ഭാഗത്തേക്ക് കടന്നതായാണ് നിഗമനം. അങ്കമാലിയിൽ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ എറണാകുളം ഭാഗത്തേക്ക് പോയെന്നാണ് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

ആലുവ, അങ്കമാലി,​ എറണാകുളം നഗരപരിധിയിലും അന്വേഷണം വ്യാപിപ്പിച്ചു. മോഷ്ടാവ് ഹിന്ദി സംസാരിച്ചതു കൊണ്ട് മലയാളി അല്ലെന്ന് കരുതാനാകില്ലെന്നും 10 ലക്ഷം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മദ്ധ്യമേഖല ഡി.ഐ.ജി ഹരിശങ്കർ കൊച്ചിയിൽ പറഞ്ഞു.

എ.ടി.എമ്മിൽ നിന്ന് എടുത്തുവച്ച പണമാണ് നഷ്ടമായത്. കൂടുതൽ പണം ഉണ്ടായിട്ടും അത് എടുത്തില്ലെന്നത് പ്രത്യേകതയാണ്. മോഷ്ടാവിന് ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്ന് പറയാനാകില്ലെന്നും പ്രാഥമിക ഘട്ടത്തിൽ അത്തരം നിഗമനങ്ങളിലേക്ക് പോകേണ്ടതില്ലെന്നും ഡി.എ.ജി പറഞ്ഞു. എല്ലാ സാദ്ധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്നും ഡി.ഐ.ജി അറിയിച്ചു.

ചാ​ല​ക്കു​ടി​ ​പോ​ട്ട​യി​ൽ പ​ഴ​യ​ ​ദേ​ശീ​യ​പാ​ത​യി​ലെ​ ​ലി​റ്റി​ൽ​ ​ഫ്‌​ള​വ​ർ​ ​ബി​ൽ​ഡിം​ഗി​ലെ​ ​ ഫെ​ഡ​റ​ൽ​ ​ബാ​ങ്ക് ​ശാ​ഖ​യി​ലാണ് കവർച്ച നടന്നത്. മു​ഖം​ ​മ​റ​യു​ന്ന​ ​ഹെ​ൽ​മ​റ്റ് ​ധ​രി​ച്ചും​ ​കൈ​ക​ളി​ൽ​ ​ഗ്ളൗ​സ് ​അ​ണി​ഞ്ഞും​ ​സ്കൂ​ട്ട​റി​ൽ​ ​വ​ന്നി​റ​ങ്ങി​യ​ ​അ​ക്ര​മി ജീ​വ​ന​ക്കാ​രെ​ ​ക​ത്തി​മു​ന​യി​ൽ​ ​നി​റു​ത്തിയായിരുന്നു പണം തട്ടിയെടുത്തത്. ഇന്ന് ഉച്ചതിരിഞ്ഞ് 2.11നായിരുന്നു സംഭവം.