പാകിസ്ഥാനിൽ ബോംബാക്രമണത്തിൽ 11 മരണം

Saturday 15 February 2025 12:04 AM IST

ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയുണ്ടായ ബോംബ് സ്ഫോടനത്തിൽ 11 മരണം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹർണായി പ്രദേശത്ത് വെള്ളിയാഴ്ചയായിരുന്നു ആക്രമണം. ഖനിത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബോംബ് പൊട്ടിത്തെറിച്ച സമയത്ത് 17 തൊഴിലാളികൾ ട്രക്കിലുണ്ടായിരുന്നുവെന്ന് മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണർ ഹസ്രത്ത് വാലി ആഗ പറഞ്ഞു.