കവർച്ചയ്ക്കുശേഷം പോയത് അങ്കമാലിയിലേക്ക്, ചാലക്കുടി ബാങ്ക് കൊളളയിൽ പ്രതിക്കായുളള തിരച്ചിൽ കടുപ്പിച്ച് പൊലീസ്

Saturday 15 February 2025 6:47 AM IST

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് പട്ടാപ്പകൽ 15 ലക്ഷം രൂപ കവർന്ന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവർച്ച നടത്തിയതിനുശേഷം പ്രതി അങ്കമാലി ഭാഗത്ത് എത്തിയതായി പൊലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ വിപുലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആൾ തന്നെയാണ് മോഷണത്തിന് പിന്നിൽ എന്ന സൂചനയാണ് പൊലീസിനുള്ളത്. ബാങ്ക് കൊള്ള നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്താകാമെന്ന നിഗമനത്തിലാണ് പൊലീസ്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കവർച്ച നടന്നത്. ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയമാണ് മോഷണത്തിനായി തിരഞ്ഞെടുത്തത് എന്നത് ബാങ്കിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് പ്രതി എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. എൻടോർക്ക് സ്കൂട്ടറിലാണ് പ്രതി എത്തിയത്. ക്യാഷ് കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിട്ടും 15 ലക്ഷം രൂപ മാത്രമാണ് മോഷ്ടാവ് എടുത്തത്. ഇതും കേസിലെ നിർണായക സൂചനയാണെന്ന് തൃശൂർ റൂറൽ എസ്.പി ബി. കൃഷ്ണകുമാർ പറഞ്ഞു.

ബാങ്കിൽ കടന്ന പ്രതി രണ്ടര മിനിട്ടിനുള്ളിൽ കവർച്ച നടത്തി മടങ്ങിയെന്നും പൊലീസ് പറഞ്ഞു. പ്രതിക്കായി എല്ലാ പ്രധാന പാതകളിലും പരിശോധന നടത്തുന്നുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും എസ്.പി പറ‌ഞ്ഞു. മോഷണസമയത്ത് ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. ഹെൽമെറ്റ് ധരിച്ചെത്തിയ അക്രമിയെ ജീവനക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നില്ല. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഹിന്ദി ഭാഷയാണ് പ്രതി സംസാരിച്ചതെന്നും എസ്.പി വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച് നമ്പർ പ്ലേറ്റ് മറച്ച സ്കൂട്ടറിൽ ഹെൽമെറ്റ്,​ ജാക്കറ്റ്,​ ഗ്ലൗസ് എന്നിവ ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ബാങ്കിന് സെക്യൂരിറ്റി ഇല്ലെന്നും സമീപത്തെ മറ്റ് സ്ഥാപനങ്ങളിലൊന്നും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ലെന്നും മോഷ്ടാവിന് അറിയാമായിരുന്നെന്നും കരുതുന്നു. ബാങ്കിലേക്ക് കയറിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരിൽ രണ്ടുപേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പണം എവിടെയാണെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ജീവനക്കാരെ ബാങ്കിലെ ടോയ്‌ലെറ്റിൽ പൂട്ടിയിടുകയായിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.