മഹാകുംഭമേളയിലേയ്ക്കുള്ള യാത്രക്കിടെ അപകടം; പത്ത് തീർത്ഥാടകർക്ക് ദാരുണാന്ത്യം, 19 പേർക്ക് പരിക്ക്

Saturday 15 February 2025 10:18 AM IST

ലക്‌നൗ: മഹാകുംഭമേളയിലേയ്ക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ പത്ത് തീർത്ഥാടകർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പ്രയാഗ്‌രാജ്- മിർസാപൂ‌ർ ഹൈവേയിൽ ഇന്നലെ അർദ്ധരാത്രിയുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഛത്തീസ്‌‌ഡഗിലെ കോർബ ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകർ സഞ്ചരിച്ച ബൊലേറോ കാർ മദ്ധ്യപ്രദേശിലെ രാജ്‌ഗഡിൽ നിന്ന് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സ്വരൂപ് റാണി ആശുപത്രിയിലേയ്ക്ക് മാറ്റിയതായി യമുനാനഗർ ഡെപ്യൂട്ടി കമ്മിഷണർ വിവേക് ചന്ദ്ര യാദവ് പറഞ്ഞു.

കഴിഞ്ഞ ദിവസം മഹാകുംഭമേളയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള ഏഴ് തീർത്ഥാടകർ അപകടത്തിൽ പ്പെട്ട് മരണപ്പെട്ടിരുന്നു. മദ്ധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് അപകടമുണ്ടായത്. തീർത്ഥാടകർ സഞ്ചരിക്കുകയായിരുന്ന മിനി ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ജനുവരി 29ന് മഹാകുംഭ മേളയുടെ വേദിയിൽ തിക്കിലും തിരക്കിലുംപ്പെട്ട് 30 പേർ മരണപ്പെട്ടിരുന്നു. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സിനിമാ താരങ്ങൾ, ബിസിനസ് രംഗത്തെ പ്രമുഖർ, വിദേശികൾ അടക്കം നിരവധി പേരാണ് മഹാകുംഭമേളയിൽ സ്‌നാനം ചെയ്യാനെത്തിയത്.