തേൻ മെഴുകുകൊണ്ട് സോപ്പ്, ഫെയ്സ്പാക്ക്, പെയിൻ ബാം; വ്യത്യസ്ത ബിസിനസുമായി 65കാരി
കിളിമാനൂർ: കഴിഞ്ഞ 10 വർഷമായി വത്സലാമ്മയുടെ അടുത്ത കൂട്ടുകാർ തേനീച്ചകളാണ്. വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് വത്സലാമ്മയുടെ തേനീച്ച കൃഷി. മധുരമൂറും തേൻ വിഭവങ്ങളുടെ ചെറുകിട സംരംഭം ഒരുക്കി മാതൃകയാവുകയാണ് ഈ വീട്ടമ്മ. നഗരൂർ വെള്ളംകൊള്ളി പ്ലസന്റ് ഹൗസിൽ 65 കാരിയായ വത്സലയാണ് വ്യത്യസ്ത തേൻ മൂല്യവർദ്ധിത വിഭവങ്ങൾ ഒരുക്കി മാതൃകയാകുന്നത്.
വീടിനോട് ചേർന്ന പറമ്പിൽ നടത്തുന്ന തേനീച്ച കൃഷിയിൽ നിന്നും തേൻ ശേഖരിച്ച് വിവിധ മൂല്യ വർദ്ധിത വിഭവങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കുകയാണ് വത്സലാമ്മ. തേൻ സംസ്കരിച്ചെടുത്ത് വിവിധ ഫ്ലേവറുകൾ ചേർത്താണ് വിഭവങ്ങൾ നിർമ്മിക്കുന്നത്. കാന്താരി, ഇഞ്ചി, മഞ്ഞൾ, മാതളം, ബ്രഹ്മി തുടങ്ങിയ 12 ഓളം വരുന്ന ഔഷധഫലങ്ങളുടെ സത്ത് തേനിൽ ചേർക്കും. കൂടാതെ തേൻ കൂട്ടിൽ നിന്നും ശേഖരിക്കുന്ന മെഴുകുകൊണ്ട് സോപ്പ്, ഫെയ്സ്പാക്ക്, പെയിൻ ബാം തുടങ്ങിയവയും നിർമ്മിക്കുന്നുണ്ട്. ഹോർട്ടികോർപ്പുമായി സഹകരിച്ചാണ് വീട്ടമ്മ ചെറുകിട സംരംഭം നടത്തുന്നത്. മകൻ മനോജ് വിദേശത്തും മകൾ അനു വിവാഹിതയുമാണ്.