കുംഭമേളയിൽ അമൃതസ്നാനം ചെയ്ത് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള
Saturday 15 February 2025 6:53 PM IST
പ്രയാഗ്‌രാജ് : ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള കുടുംബസമേതം ഇന്ന് പ്രയാഗ് രാജിലെത്തി മഹാകുംഭമേളയിൽ പങ്കാളിയായി. ത്രിവേണി സംഗമത്തിൽ ശ്രീധരൻപിള്ള കുടുംബസമേതം അമൃത സ്നാനം നടത്തി. രാവിലെ പ്രത്യേക വിമാനത്തിൽ ഭാര്യ അഡ്വ. റീത്ത, മകൻ അഡ്വ .അർജുൻ ശ്രീധർ, മരുമകൻ അഡ്വ .അരുൺ കൃഷ്ണധൻ എന്നിവരോടൊപ്പമാണ് പ്രയാഗ് രാജിലെത്തി അമൃതസ്നാനം നടത്തിയത്. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും മന്ത്രിമാരും മറ്റും ഗവർണറോടൊപ്പം അമൃതസ്നാനത്തിനെത്തിയിരുന്നു.
അതേസമയം പ്രയാഗ്‌രാജ് കുംഭമേളയിൽ സ്‌നാനം ചെയ്‌തവരുടെ എണ്ണം 48 കോടി കടന്നുവെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഇന്നലെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായ്, ,കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, ബോളിവുഡ് താരം വിവേക് ഒബ്റോയി തുടങ്ങിയവർ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്‌തു.