ഓട്ടോ ഡ്രൈവറുടെ മർദ്ദനമേറ്റ് ഗോവ മുൻ എം.എൽ.എ മരിച്ചു

Sunday 16 February 2025 12:22 AM IST

ബംഗളൂരു: ഓട്ടോ ഡ്രൈവറുടെ മർദ്ദനമേറ്റ ഗോവ മുൻ എം.എൽ.എ കുഴഞ്ഞുവീണു മരിച്ചു. കർണാടകയിലെ ബെലഗാവിയിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.

പോണ്ട എം.എൽ.എയായിരുന്ന ലാവൂ സൂര്യജി മാംലേദാർ (69) ആണ് മരിച്ചത്. ഖാടെ ബസാറിൽ ലാവൂ മാംലേദാർ ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നു. ഹോട്ടലിലേക്ക് കയറുന്ന വഴിയിൽ വച്ച് ലാവൂവിന്റെ കാർ ഓട്ടോയിൽ തട്ടി. തുടർന്ന് ഓട്ടോക്കാരനുമായി തർക്കമുണ്ടായി. നഷ്ടപരിഹാരം ചോദിച്ചപ്പോൾ തരാൻ പറ്റില്ലെന്നു പറഞ്ഞതോടെ ലാവൂവിനെ ഓട്ടോക്കാരൻ മർദ്ദിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഹോട്ടലിൽ എത്തിയ ലാവൂ ഒന്നാം നിലയിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.