ട്രാൻസ്ജെൻഡറുകൾ ഇനി സൈന്യത്തിലില്ല  ഔദ്യോഗിക ഉത്തരവിറക്കി യു.എസ്

Sunday 16 February 2025 12:36 AM IST

വാഷിംഗ്ടൺ : ട്രാൻസ്ജെൻഡറുകളെ സൈന്യത്തിലെടുക്കുന്നത് നിർത്തിവച്ച് യു.എസ്. ഇവരുടെ റിക്രൂട്ട്‌മെന്റ് നടപടികൾ ഔദ്യോഗികമായി നിർത്തിവച്ചതായി സൈന്യം അറിയിച്ചു. സൈന്യത്തിന്റെ ഔദ്യോഗിക എക്സ് അകൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം സൈന്യത്തിൽ നിലവിലുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള നടപടികളും ലിംഗമാറ്റം സ്ഥിരീകരിക്കുന്നതിന് വേണ്ടിയുള്ള മെഡിക്കൽ നടപടിക്രമങ്ങളും നിർത്തിവെക്കുകയാണെന്നും യു.എസ് സൈന്യം അറിയിച്ചു. ട്രാൻസ് വ്യക്തികൾക്കെതിരെയെയുള്ള ഉത്തരവിൽ ട്രംപ് ഒപ്പ് വച്ചതിന് പിന്നാലെയാണ് നീക്കം. ട്രാൻസ്ജെൻ‍ഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോടു കൂറ് പുലർത്തില്ലെന്നുമാണ് ട്രംപിന്റെ കാഴ്ചപ്പാട്. കൂടാതെ അവരുടെ സാന്നിധ്യം സൈന്യത്തിനു ഹാനികരമാണെന്നും ട്രംപ് പറഞ്ഞിരുന്നു. 2016ൽ ഒബാമയുടെ ഭരണകാലത്താണ് ട്രാൻസ് വ്യക്തികൾക്ക് സൈന്യത്തിൽ ചേരിന്നതിൽ നിരോധനം പിൻവലിച്ചത്. എന്നൽ ഈ വിലക്ക് തിരികെ കൊണ്ട് വരുമെന്ന് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇനി രണ്ട് ലിംഗങ്ങൾ മാത്രമേ യു.എസിൽ ഉണ്ടാവുകയുള്ളൂ ആണും, പെണ്ണും. അത് മാത്രമേ യു.എസ് ഫെഡറൽ ഗവൺമെന്റ് അംഗീകരിക്കൂയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.